ഓറഞ്ച് വാങ്ങുന്നവരാണോ?; ശ്രദ്ധിക്കേണ്ടത് ചില കാര്യങ്ങൾ
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. വിറ്റാൻ സി നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാദ്ധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ സി വലിയ പങ്കാണ് വഹിക്കുന്നത്.
കൂടാതെ ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. എന്നാൽ പലപ്പോഴും ഓറഞ്ച് വാങ്ങിക്കുമ്പോൾ നീരില്ലാത്തതും അമിതമായി ചീഞ്ഞിരിക്കുന്നതും പുളിയുള്ളതുമായവയാണ് ലഭിക്കാൻ സാദ്ധ്യത. പലർക്കും എങ്ങനെ ശരിയായ രീതിയിൽ ഓറഞ്ച് തിരഞ്ഞെടുക്കണമെന്ന് അറിയില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ഓറഞ്ച് തിരഞ്ഞെടുക്കാൻ കഴിയും. അവ എന്തൊക്കെയാണെന്ന് നോക്കാം.
തൂക്കം
ഓറഞ്ച് വാങ്ങുന്ന സമയത്ത് കടക്കാർ എടുത്ത് തരുന്നതിന് പകരം നിങ്ങൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഓറഞ്ച് കെെയിൽ എടുത്ത് അതിന്റെ തൂക്കം നോക്കണം. അത്യാവശ്യം ഭാരം കയ്യിൽ വരുന്നുണ്ടെങ്കിൽ അത്തരം ഓറഞ്ച് തിരഞ്ഞെടുക്കുക. കാരണം ഇത്തരം ഓറഞ്ചിൽ നല്ല നീര് ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. നീര് വറ്റിയ ഓറഞ്ചിന് തൂക്കം കുറവായിരിക്കും.
ഞെക്കി നോക്കുക
എപ്പോഴും ഓറഞ്ച് വാങ്ങുമ്പോൾ അത് എടുത്ത് ചെറുതായി ഞെക്കി നോക്കുക. അമിതമായി ഞെങ്ങാത്തതും ഒട്ടും ഞെങ്ങാതിരിക്കുന്നതുമായ ഓറഞ്ച് എടുക്കരുത്. അമിതമായി ഞെങ്ങുന്ന ഓറഞ്ച് ചീഞ്ഞതാകാൻ സാദ്ധ്യത കൂടുതലാണ്.
നിറം
ഒരിക്കലും നിറം നോക്കി ഓറഞ്ച് തിരഞ്ഞെടുക്കരുത്. ഓറഞ്ചിന്റെ നിറത്തിൽ കാര്യമില്ല. ചിലപ്പോൾ നല്ല നിറമുള്ള ഓറഞ്ചുകൾ ചീത്തയായിരിക്കാൻ സാദ്ധ്യതയുണ്ട്. ചില പച്ച നിറമുള്ള ഓറഞ്ചുകൾക്ക് നല്ല സ്വാദും നീരും ഉണ്ടായിരിക്കാം. ഓറഞ്ചിന്റെ തൊലിക്ക് നല്ല കട്ടിയുണ്ടെങ്കിൽ അത്തരം ഓറഞ്ച് വാങ്ങാതിരിക്കുക. കാരണം തൊലിക്ക് കട്ടി വന്നിട്ടുണ്ടെങ്കിൽ ആ ഓറഞ്ചിന്റെ ഗുണം നശിച്ചു തുടങ്ങിയെന്നാണ് അർത്ഥം.