കണ്‍തടങ്ങളിലെ കറുപ്പ് വിഷമിപ്പിക്കുന്നോ?; പരിഹാര മാർഗങ്ങൾ
പലരെയും വലിയ രീതിയില്‍ അലട്ടുന്ന പ്രശ്നമാണ് കണ്‍തടങ്ങളിലെ കറുപ്പ് . പല കാരണങ്ങളാണ് ഈ സൗന്ദര്യപ്രശ്നത്തിന് പിന്നില്‍. ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, കമ്പ്യൂട്ടര്‍, ടിവി, മൊബൈല്‍ എന്നിവയുടെ ഉപയോഗം എന്നിവയെല്ലാം കണ്ണുകള്‍ക്ക് ചുറ്റും കറുപ്പുനിറമുണ്ടാകാന്‍ കാരണമാകാറുണ്ട്.
കണ്‍തടങ്ങളിലുണ്ടാകുന്ന കറുപ്പകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍
കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളത്തില്‍ കഴുകുക, പുറത്തുപോകുമ്പോള്‍ മുഖത്ത് സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുക, മോയ്സ്ചറൈസിങ് ലോഷന്‍ പുരട്ടുക എന്നിവയെല്ലാം നല്ലതാണ്.
ഉരുളക്കിഴങ്ങിന്റെ മാജിക്
കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ ഏറ്റവും നല്ല ഉപാധിയാണ് ഉരുളരക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ച് പേസ്റ്റ് പോലെയാക്കി പുരട്ടുന്നതും അത് വട്ടത്തില്‍ അരിഞ്ഞ് കണ്തടങ്ങളില് വയ്ക്കുന്നതും ഉരുളക്കിഴങ്ങിന്റെ നീര് പുരട്ടുന്നതുമെല്ലാം പ്രയോജനം ചെയ്യും.
കോഫി ഫേസ്പാക്ക്
കണ്ണിനുചുറ്റുമുളള കറുപ്പകറ്റാന്‍ കോഫി കൊണ്ടുള്ള ഫേസ്പാക്ക് വളരെ നല്ലതാണ്. ഈ ഫേസ്പാക്ക് തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഇതിനുവേണ്ടി കുറച്ച് നാടന്‍ കാപ്പിപ്പൊടിയിലേക്ക് അല്‍പ്പം റോസ് വാട്ടറോ അല്ലെങ്കില്‍ വെളിച്ചെണ്ണയോ ഒഴിച്ച് മിക്സ് ചെയ്ത് കണ്ണിനു ചുറ്റും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. അത് പതിവായോ ഒന്നിടവിട്ട ദിവസങ്ങളിലോ പുരട്ടുന്നത് ഫലപ്രദമാണ്.
തക്കാളിയുടെ നീര് എടുത്ത് അതും കണ്ണുനുചുറ്റും പുരട്ടി കഴുകി കളയാവുന്നതാണ്. തക്കാളി നീരിന് പല വിധത്തിലുള്ള ഗുണങ്ങളുമുണ്ട്. തക്കാളിയുടെ നീര് മുഖത്തുപുരട്ടി കുറച്ചുസമയം വച്ച ശേഷം കഴുകി കളയുന്നതും ചര്‍മ്മം മൃദുവാക്കാനും തിളങ്ങാനും സഹായിക്കും. മറ്റൊരു ഫലപ്രദമായ മാര്‍ഗ്ഗം വെളളരിക്കയാണ്. വെളളരിക്ക വട്ടത്തില്‍ അരിഞ്ഞോ അല്ലെങ്കില്‍ നീരെടുത്തോ പുരട്ടുക. നാരങ്ങാനീരോ കറ്റാര്‍വാഴയുടെ ജല്ലോ പുരട്ടി കുറച്ചുസമയം വച്ച ശേഷം കഴുകി കളയാവുന്നതാണ്.