Begin typing your search...

ഇഷയിലേക്കൊരു ശാന്തിയാത്ര; കോയമ്പത്തൂരിലെത്തിയാൽ ഇവിടം സന്ദർശിക്കണം

ഇഷയിലേക്കൊരു ശാന്തിയാത്ര; കോയമ്പത്തൂരിലെത്തിയാൽ ഇവിടം സന്ദർശിക്കണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ ഫൗണ്ടേഷൻ ആത്മയാത്രയുടെ കേന്ദ്രമാണ്. കോയമ്പത്തൂരിൽ എത്തിയാൽ എല്ലാവരും സന്ദർശിക്കുന്ന ഇടം. ഇഷ ഫൗണ്ടേഷൻ പൂർണമായും സന്നദ്ധസേവകരാൽ പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത മതേതര സ്ഥാപനമാണ്. യോഗയിലൂടെ അവബോധമുയർത്താനുതകുന്ന പ്രോഗ്രാമുകളുടെ ഒരു പരമ്പര തന്നെ ഇവിടെ നടത്തുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ ഇക്കണോമിക് & സോഷ്യൽ കൗൺസിൽ പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുമായും ഇഷ ഫൗണ്ടേഷൻ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

ഒരു മരമോ ചെടികളോ ഇല്ലാത്ത അതിവിശാലമായ തരിശുഭൂമിക്കു നടുവിലാണ് ആദിയോഗി ശിവവിഗ്രഹം തലയുയർത്തി നിൽക്കുന്നത്. ഈ വിഗ്രഹത്തിന് സദ്ഗുരു രണ്ടു വർഷം കൊണ്ട് ഡിസൈൻ ചെയ്ത് എട്ടുമാസം കൊണ്ട് നിർമിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട്. 112 അടി ഉയരമുള്ള ആദിയോഗി ലോകത്തെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയെന്ന ഗിന്നസ് വേൾഡ് റിക്കോർഡ് നേടിയിട്ടുണ്ട്. പൂർണമായും സ്റ്റീൽ കൊണ്ടാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്. 2017-ൽ മഹാശിവരാത്രി ദിനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രതിമ അനാവരണം ചെയ്തത്. പ്രതിമയുടെ 112 അടി ഉയരം എന്നത് യോഗികളുടെ സംസ്‌കാരത്തിൽ സൂചിപ്പിച്ചിട്ടുള്ള മോക്ഷം നേടാനുള്ള 112 മാർഗങ്ങളെയാണ് സൂചിപ്പിക്കുന്നത്.

പ്രതിമയെ തെടാതിരിക്കാൻ ചുറ്റിനും ശൂലം സ്ഥാപിച്ചിട്ടുണ്ട്. ഇത് മറികടന്ന് തൊടാൻ ശ്രമിക്കുന്നവരെ സെക്യൂരിറ്റി കൈയോടെ പിടികൂടും. വിഗ്രഹത്തിൽ അണിയിച്ചിരിക്കുന്ന രുദ്രക്ഷമാല അത്ഭുതമാണ്. വലിയ വടത്തിന്റെ വണ്ണവുമുണ്ട് മാലയ്ക്ക്. ആദിയോഗി പ്രതിമയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ടാകും ആശ്രമത്തിലേക്ക്. ആശ്രമത്തിലേക്കു പോകും വഴി നിരവധി കടകൾ ഉണ്ട്. കൂടുതലും ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവയാണ്. തമിഴ്നാട് സർക്കാരിന്റെ ബസ് സർവീസ് അവസാനിപ്പിക്കുന്ന റോഡ് ക്രോസ് ചെയ്യുന്നിടത്താണ് കല്ലിൽ കൊത്തിയ കൂറ്റൻ നാഗസർപ്പമുള്ള ആശ്രമ കവാടം. രണ്ടാൾ പൊക്കത്തിൽ ഏക്കറുകണക്കിന് ഭൂമി കല്ലുപാളികൾകൊണ്ട് വേലികെട്ടി മറച്ചാണ് ആശ്രമം സൂക്ഷിക്കുന്നത്. കവാടം കടന്നു ചെല്ലുന്നത് ഇടതൂർന്നു മനോഹരമായി നിൽക്കുന്ന കവുങ്ങിൻ തോട്ടത്തിലേക്കാണ്. എല്ലായിടത്തും കല്ലുപാകിയ വഴികളാണെന്നതാണു മറ്റൊരു പ്രത്യേകത. അതുപോലെതന്നെ കെട്ടിടങ്ങളുടെ നിർമിതിക്കായി കല്ലുപാളികളും കൂറ്റൻ കൽത്തൂണുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ആശ്രമത്തിനുള്ളിൽ സന്ദർശകരായി എത്തുന്നവരെ കാത്തിരിക്കുന്നത് മൂന്നു കാര്യങ്ങളാണ്. ലിംഗഭൈരവി, ധ്യാനലിംഗം, സൂര്യ/ചന്ദ്രകുണ്ടുകൾ എന്നിവയാണ് ഇവ. ആശ്രമത്തിനുള്ളിൽ ചെരുപ്പിനും ഫോണിനും നിരോധനമുള്ളതുകൊണ്ട് ഇവ രണ്ടും കൗണ്ടറിൽ കൊടുത്തശേഷം സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞാണ് അകത്തേക്കു പ്രവേശിച്ചത്. കയറി ചെല്ലുന്നിടത്ത് ആശ്രമത്തിന്റെ പ്രത്യേകതകൾ വിവരിക്കുന്ന രണ്ടുമിനിറ്റ് വിഡീയോ പ്രദർശനം നടക്കുന്നുണ്ട്. മലയാളം, കന്നട, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലാണു വിവരണം.

സൂര്യകുണ്ടിൽ നിന്നു പടികൾ കയറി മറുവശത്തു ചെല്ലുമ്പോൾ ചെറിയ ഒരുതാമരക്കുളമുണ്ട്. അതു കടന്നു ചെല്ലിന്നിടത്ത് ധ്യാനലിംഗത്തിന് അഭിമുഖമായി വലിയൊരു നന്ദിയുടെ പ്രതിമയുണ്ട്. ധ്യാനലിംഗത്തിന്റെ പ്രവേശനകവാടത്തിനടുത്തുള്ള സർവമതസ്തംഭത്തിൽ ഹിന്ദു, മുസ്ലിം, ക്രിസ്തു, സിക്ക്, ജൈന, താവോ, സൗരാഷ്ട്ര, ജൂത, ബുദ്ധ, ഷിന്റോ മതങ്ങളുടെ ശിൽപ്പങ്ങളും അടയാളങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഏകത്വത്തിന്റെ അടയാളമായിട്ടാണ് ഇതു നിലകൊള്ളുന്നത്. പടവുകൾ കയറി മുകളിൽ എത്തി. ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി 15 മിനിറ്റ് ധ്യാനമുണ്ടിവിടെ. സമ്പൂർണ നിശബ്ദത. അകത്ത് ഉള്ള ബാച്ച് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉള്ളിൽ പ്രവേശിച്ചു. ധ്യാനലിംഗം ഒരു യോഗക്ഷേത്രവും ധ്യാനസ്ഥലവുമാണ്. സദ്ഗുരുവിന്റെ ഗുരു അദ്ദേഹത്തെ ഏൽപ്പിച്ച ജീവിതദൗത്യമാണ് ഇതിലെ പ്രതിഷ്ഠ. ഒരു പ്രത്യേക മതത്തിലോ വിശ്വാസപ്രമാണത്തിലോ അധിഷ്ടിതമല്ലാത്ത ഒരു ധ്യാനസ്ഥലമാണ് ധ്യാനലിംഗ ക്ഷേത്രം. ചുടുകട്ടയും ബലപ്പെടുത്തിയ ചെളിയും മാത്രമുപയോഗിച്ചു നിർമിച്ചിരിക്കുന്ന അർധഗോളാകൃതിയിലെ ക്ഷേത്രം ഗർഭഗൃഹത്തെയാണ് ആവരണം ചെയ്യുന്നത്. നല്ല തണപ്പും നിശബ്ദതയും. 15 മിനിറ്റാണ് ഇവിടെയും ധ്യാനിക്കാനുള്ള സമയം.


ശ്രദ്ധിക്കുക

കേരളത്തിൽ നിന്നു പോകുന്നവർ വാളയാർ-കോയമ്പത്തൂർ റൂട്ടിൽ ശിരുവാണി വെള്ളച്ചാട്ടത്തിലേക്കു പോകുന്ന വഴിയെ തിരിഞ്ഞ് 47 കിലോമീറ്റർ സഞ്ചരിച്ചാൽ ഇഷയിൽ എത്താം. വഴി നിറയെ ഇഷയുടെ ബോർഡുകൾ വച്ചിട്ടുണ്ട്.

രാവിലെയും ഉച്ചയ്ക്കും രാത്രിയും മാത്രമാണ് പ്രസാദമായി സൗജന്യആഹാരം ലഭിക്കുന്നത്. യോഗയും ധ്യാനവും ഇഷ്ടപ്പെടുന്നവർ മാത്രം ആശ്രമത്തിൽ പ്രവേശിക്കാവൂ. അല്ലാത്തവർ ആദിയോഗി ശിവപ്രതിമ കണ്ടിട്ടു തിരിച്ചു പോകുന്നതാണ് നല്ലത്. ആശ്രമത്തിൽ താമസിക്കാൻ സൗകര്യമുണ്ട്. ഫീസ് കൊടുക്കണം. സസ്യാഹാരം മാത്രമേ ലഭിക്കൂ. പുറത്തുനിന്നുള്ളവർക്ക് യോഗ പഠിക്കാനുള്ള സൗകര്യമുണ്ട്. എല്ലാവിധ സഹായങ്ങൾക്കും പുരുഷ/സ്ത്രീ വോളണ്ടിയർമാർ ഉണ്ട്.

WEB DESK
Next Story
Share it