തെരുവില്‍ കൊതിയൂറുന്ന ഭക്ഷണവുമായി ദമ്പതികള്‍; രുചിക്കൂട്ടുകള്‍ അവരെ വൈറലാക്കി
ജീവിതം ചിലപ്പോള്‍ അങ്ങനെയൊക്കെയാണ്. എങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നതെന്നു പോലും മനസിലാകുകയില്ല. കാലം നമ്മളെ വലിയ ജീവിതാധ്യായങ്ങള്‍ പഠിപ്പിക്കുന്നു. ചുറ്റും നോക്കൂ, ഓരോരോ വേഷങ്ങള്‍! ഒരു ചാണ്‍ വയറിനുവേണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു..!
ഫരീദാബാദില്‍നിന്നുള്ള ഒരു വീഡിയോ എല്ലാവരെയും ചിന്തിപ്പിക്കുന്നതാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ നെറ്റിസണ്‍സ് ഏറ്റെടുത്തുകഴിഞ്ഞു. വഴിയരികില്‍ രാജ്മ റൈസ് വില്‍ക്കുന്ന ദമ്പതികള്‍- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്കു രുചികരമായ ഭക്ഷണം വിളമ്പുന്ന ദമ്പതികളുടെ വീഡിയോ ആണിത്. രുചികരമായ രാജ്മ റൈസ് ആണ് അവര്‍ വില്‍ക്കുന്നത്. വെറും 40 രൂപയ്ക്ക്! ഒരിക്കല്‍ കഴിച്ചവര്‍ വീണ്ടും ഇവരെ തേടിയെത്തുന്നു. അത്രയ്ക്കു രുചിയാണത്രെ അവര്‍ തയാറാക്കിയ രാജ്മ റൈസിന്.
ഇനി അവരുടെ കഥ. കൊറോണയ്ക്കു മുമ്പ് ഫരീദാബാദില്‍ ചെറിയൊരു പ്രിന്റിംഗ് പ്രസ് നടത്തുകയായിരുന്നു ദമ്പതികള്‍. കൊറോണ അവരുടെ ജീവിതത്തെ വല്ലാതെ ബാധിച്ചു. നല്ല രീതിയില്‍ നടന്നിരുന്ന സ്ഥാപനം അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. ജീവിതം അവരെ വല്ലാത്ത അവസ്ഥകളില്‍ കൊണ്ടെത്തിച്ചു. പക്ഷേ അവര്‍ തളര്‍ന്നില്ല. ഗൃഹനാഥന്‍ പാചകലയില്‍ വിദഗ്ധനാണ്. അങ്ങനെ അവര്‍ ചെറിയ രീതിയില്‍ തട്ടുകട തുടങ്ങി. രുചികരമായ ഭക്ഷണവും വിലക്കുറവും അവരെ ചുറ്റുവട്ടത്ത് പ്രശസ്തരാക്കി. ആളുകള്‍ അവരുടെ ഭക്ഷണം തേടി എത്താന്‍ തുടങ്ങി. വൈകാതെ ചെറിയ രീതിയില്‍ ഒരു ഭക്ഷണശാല ആരംഭിക്കാനാണ് ഇരുവരുടെയും തീരുമാനം.