യൗവ്വനം നിലനിര്‍ത്തണം; മകന്‍റെ രക്തം സ്വീകരിക്കാനൊരുങ്ങി 47കാരിയായ അമ്മ
യൗവനം എങ്ങനെ നിലനിര്‍ത്താമെന്ന അന്വേഷണത്തിലാണ് ചിലർ. ഇതിനായി എന്ത് പരീക്ഷണത്തിനും അവർ റെഡിയാണ്. ഇത്തരത്തിൽ ശരീര സൗന്ദര്യം നിലനിര്‍ത്താൻ സ്വന്തം മകന്‍റെ രക്തം സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഈ 47കാരി. ലൊസ് ആഞ്ചല്‍സ് സ്വദേശിയായ മാര്‍സല ല്ഗ്ലെസിയയാണ് ഈ വിചിത്രമായ പരീക്ഷണത്തിന് ഒരുങ്ങുന്നത്. 23 -കാരനായ തന്‍റെ മകന് തനിക്ക് യൗവ്വനം തരുന്നതില്‍ പൂര്‍ണ സന്തോഷമാണെന്നും തനിക്ക് മാത്രമല്ല, തന്‍റെ അമ്മയ്ക്കും ചെറുപ്പം വീണ്ടെടുക്കാന്‍ സഹായിക്കാമെന്ന് മകന്‍ വാഗ്ദാനം ചെയ്തെന്നും മാര്‍സല പറയുന്നു. ബാര്‍ബിയെന്നാണ് മാര്‍സല സ്വയം വിശേഷിപ്പിക്കുന്നത്. ബാര്‍ബി പാവയുടേതിന് സമാനമായ വേഷത്തിലുള്ള ചിത്രങ്ങള്‍ മാര്‍സല സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവയ്ക്കാറുമുണ്ട്.
കോശങ്ങള്‍ മാറ്റി വയ്ക്കുന്ന ചികില്‍സയ്ക്ക് പിന്നാലെയാണ് രക്തം മാറ്റി വച്ച് സൗന്ദര്യം വര്‍ധിപ്പിക്കുന്ന രീതി പരീക്ഷിക്കാന്‍ തയ്യാറായതെന്നും ഇവര്‍ പറയുന്നു. 90000 യുഎസ് ഡോളര്‍ ഇതുവരെ മാര്‍സല വിവിധ സൗന്ദര്യവര്‍ധക ചികില്‍സകള്‍ക്കായി ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ 2019 -ൽ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ യുവ ദാതാക്കളിൽ നിന്നുള്ള പ്ലാസ്മ സ്വീകരിക്കുന്നതിന് എതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇതുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.