ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ എന്ത് ഓണസദ്യ, വീട്ടിലുണ്ടാക്കാം, അടിപൊളി സ്വാദിൽ
ശർക്കര വരട്ടി ഇല്ലാതെ എന്ത് ഓണസദ്യ അല്ലേ?. ശർക്കര വരട്ടി ഉണ്ടാക്കാൻ അറിയില്ലെങ്കിൽ വിഷമിക്കേണ്ട. എളുപ്പത്തിൽ നല്ല അടിപൊടി ശർക്കര വരട്ടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുളള സാധനങ്ങൾ
പച്ച ഏത്തയ്ക്ക
ശർക്കര പാണിയാക്കിയത്
എണ്ണ
ഉപ്പ്
വെള്ളം
ജീരകം, ചുക്ക്, ഏലയ്ക്ക - പൊടിച്ചത്.
പഞ്ചളാര, അരിപ്പൊടി
തയാറാക്കുന്ന വിധം
പച്ച ഏത്തയ്ക്ക് തൊലി കളഞ്ഞ് നീളത്തിൽ രണ്ടായി മുറിക്കണം. അതിന് ശേഷം കുറുകെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് വെക്കണം. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ഏത്തയ്ക്ക വറുത്ത് എടുക്കണം. ചെറിയ മഞ്ഞ നിറം വരുന്നത് വരെ വറുക്കുക. നന്നായി മൂത്ത് വരുമ്പോൾ അതിലേക്ക് ഉപ്പ് വെള്ളം തളിച്ച് കൊടുക്കുക. എണ്ണയിൽ പൊട്ടിത്തെറി മാറുമ്പോൾ വറുത്ത കായ കോരി മാറ്റാം.
ഒരു പാത്രത്തിൽ വെള്ളമെടുത്ത് ആവശ്യത്തിന് ശർക്കര ചേർത്ത് പാണിയാക്കുക. ശേഷം ശർക്കര പാണിയിലേക്ക് വറുത്ത കായ കഷ്ണങ്ങൾ ചേർത്ത് ഇളക്കാം. കായയിലേക്ക് ശർക്കര നന്നായി പിടിക്കുന്ന വരെ ഇളക്കണം. അടിയിൽ പിടിക്കാൻ പാടില്ല.
ഇതിലേക്ക് ജീരകം, ചുക്ക് എന്നിവ പൊടിച്ചത് ചേർത്ത് ഇളക്കണം. അതിന് ശേഷം ഏലയ്ക്ക പൊടി കൂടി ചേർത്ത് കൊടുക്കാം. ശേഷം അടുപ്പിൽ നിന്ന് വാങ്ങി തണുപ്പിച്ച് പഞ്ചസാരയും അരിപ്പൊടിയും കൂടി ചേർത്ത് ഇളക്കിയതിന് ശേഷം കഴിക്കാം.