സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം മാറ്റി വെച്ചു
യു.എ.ഇ പൗരൻ സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിൻറെയും ബഹിരാകാശ ദൗത്യം അവസാനനിമിഷം മാറ്റിവെച്ചു. പുതിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് നാസ അറിയിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡ കെന്നഡി സ്‌പേസ് സെൻററിൽ നിന്ന് യു.എ.ഇ സമയം രാവിലെ 10.45ന് റോക്കറ്റ് വിക്ഷേപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനായി യാത്രികർ പേടകത്തിനുള്ളിൽ കയറുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു.
വിക്ഷേപണത്തിൻറെ തത്സമയ ദൃശ്യങ്ങൾ കാണാൻ ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടക്കമുള്ളവർ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെൻററിൽ എത്തിയിരുന്നു. എന്നാൽ, വിക്ഷേപണം നീട്ടിയതായി അധികൃതർ അറിയിക്കുകയായിരുന്നു.
ആറുമാസം നീളുന്ന ദൗത്യത്തിനാണ് നിയാദി അടക്കം നാല് പേർ തയാറെടുക്കുന്നത്. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് ഒപ്പമുള്ളത്. എൻഡീവർ എന്ന സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകം വഹിക്കുന്നത് ഫാൽക്കൺ 9 റോക്കറ്റാണ്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറുമാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക.