ഗൾഫിൽ റമസാൻ ആരംഭം വ്യാഴാഴ്ചയാകാൻ സാധ്യത, മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം
ഗൾഫ് രാജ്യങ്ങളിൽ റമസാൻ ആരംഭം വ്യാഴാഴ്ചയാകാനാണ് സാധ്യതെന്ന് ഗോളശാസ്ത്ര വിഭാഗം. ചൊവ്വാഴ്ച വൈകിട്ട് മാസപ്പിറവി ദൃശ്യമാവുക പ്രയാസമാണ്. കാരണം ചന്ദ്രന്റെ ഉദയം രാത്രി 8.30നാണ്. സൂര്യാസ്തമയത്തിന് 9 മിനിറ്റ് മുൻപ് അസ്തമിക്കുകയും ചെയ്യും. ചന്ദ്രൻ സൂര്യനു മുൻപേ അസ്തമിക്കുന്നതിനാൽ മാസപ്പിറവി ദൃശ്യമാവില്ല.
ബുധനാഴ്ച വൈകിട്ട് കാർമേഘങ്ങളില്ലെങ്കിൽ മാസപ്പിറവി ദൃശ്യമാകും. ഇക്കാരണത്താൽ വ്യാഴാഴ്ചയായിരിക്കും റമസാൻ ഒന്നെന്ന് പ്രിൻസ് സുൽത്താൻ സയൻസ് ആൻഡ് ടെക്‌നോളജി കേന്ദ്രത്തിലെ ഗോളശാസ്ത്ര വിഭാഗം സൂപർവൈസർ ഡോ. അലി അൽശുക്രി അഭിപ്രായപ്പെട്ടു. മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം.
റമസാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. ശഅബാൻ 29-ന് ഈ വരുന്ന ചൊവ്വാഴ്ച സൂര്യാസ്തമയത്തിനുശേഷം ചന്ദ്രോദയം നിരീക്ഷിക്കണം. മാസപ്പിറവി നഗ്‌നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ കണ്ടാൽ വിവരം അടുത്തുള്ള കോടതിയിലോ ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.