'ഹാത്ത് സെ ഹാത്ത് ജോഡോ' പ്രവാസ ലോകത്തും; ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യവും പാർലിമെന്റിൽ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടമായെന്ന് കെ സി വേണുഗോപാൽ
ഷാർജ: മോദി ഭരിക്കുന്ന ഇന്ത്യയിൽ പാർലിമെന്റിൽ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യവും, മാധ്യമ സ്വാതന്ത്ര്യവും നഷ്ടമായെന്നും, കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ അത് ലോകസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുന്നതാണ് പുതിയ രീതിയെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു. യുഎഇയിലെ ഷാർജയിൽ, സമകാലീന ഇന്ത്യയും പ്രവാസവും എന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മോദി ഭരിക്കുന്ന ഇന്ത്യയിൽ ഭരണഘടന അനുശാസിക്കുന്ന നിയമം പോലും കാറ്റിപറത്തുകയാണ്. അദാനിക്ക് ഒരു നിയമം സാധാരണക്കാരന് വേറെ നിയമം എന്നതിലേക്ക് മാറി. ബിജെപിയ്ക്ക് വേണ്ടി പാർട്ടിയും ചിഹ്നനവും പതിച്ച് കൊടുക്കുന്ന എജൻസിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മാറി. മഹാരാഷ്ട്രയിൽ യഥാർത്ഥ ശിവസേനയെ ഇങ്ങിനെ ഇല്ലാതാക്കിയതെന്നും കെ സി പറഞ്ഞു. ഏത് ഒരു ഏകാധിപതിയ്ക്കും കാലം കരുതിവെച്ചിട്ടുണ്ട്. കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണം അവസാനിക്കും. കോൺഗ്രസ് ഒറ്റക്കെട്ടായി ഇതിനായി രംഗത്തിറങ്ങും. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിലൂടെ, ബിജെപിയിൽ നിന്നും മോചനം ഉണ്ടായേ മതിയാകൂ. ഇതിനായാണ് പോരാട്ടം. ഈ പോരാട്ടത്തിൽ കോൺഗ്രസ് ഒരു ഭാഗത്തും , മറു ഭാഗത്ത് ബിജെപിയും സി ബി ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇൻകം ടാക്‌സും ഒന്നിച്ചാണ്, കോൺഗ്രസിനെ പരാജയപ്പെടുത്താൻ കച്ചക്കെട്ടി ഇറങ്ങിയിട്ടുള്ളതെന്നും വേണുഗോപാൽ പറഞ്ഞു.
ഇക്കാര്യങ്ങൾ കേരളത്തിലെ സിപിഎമ്മുകാർ മനസിലാക്കിയാൽ അവർ നല്ലത്. 42 വണ്ടിയുമായി പൊലീസ് എക്‌സ്‌കോർട്ട് പോകുന്നവർക്കും മരണവീട്ടിലെ കറുത്ത കൊടി വലിച്ചെറിയുന്നവർക്കും ടിയർ ഗ്യാസും ലാത്തിചാർജ്ജും നടത്തുന്നവർക്കും ഇത് മനസിലാകില്ല. കേരളത്തിലെ കമ്മ്യൂണിസം ഇങ്ങിനെ ഒരു പ്രത്യേക പാർട്ടിയായി മാറിയെന്നും കെസി ആരോപിച്ചു. യുഎഇ ഇൻകാസ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച, സമകാലീന ഇന്ത്യയും പ്രവാസവും എന്ന പ്രഭാഷണ പരമ്പരയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനമാണ് കെ സി വേണുഗോപാൽ എം പി നടത്തിയത്. പ്രവാസി പുനരധിവാസം, കൊവിഡിന് ശേഷമുള്ള മാറ്റങ്ങൾ, ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവൽക്കരണം, പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങൾ , കേരള വളർച്ചയിൽ പ്രവാസികളുടെ പങ്ക് എന്നീ വിഷയങ്ങളും പ്രഭാഷണ പരമ്പരയിലൂടെ അടയാളപ്പെടുത്തി. അതേസമയം, പ്രവാസ ലോകത്ത് നിന്നും തുടർച്ചയായ 15 വർഷക്കാലം 750 എപ്പിസോഡുകളിലൂടെ ടെലിവിഷൻ പരിപാടി അവതരിപ്പിച്ച മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാറിനെ , കെ സി വേണുഗോപാൽ ചടങ്ങിൽ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. മാർച്ച് എട്ടിന് ബുധനാഴ്ചയാണ് '750 അധ്യായങ്ങൾ' എന്ന ചരിത്രനേട്ടം സ്വന്തമാക്കുന്നത്.
അതേസമയം, ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള കോൺഗ്രസ് പാർട്ടിയുടെ ഹാത്ത് സെ ഹാത്ത് ജോഡോ എന്ന ക്യാംപയിന്റെ പ്രവാസ ലോകത്തെ പ്രവർത്തനോദ്ഘാടനവും ഇതേവേദിയിൽ നടന്നു. പങ്കെടുത്ത ആയിരങ്ങൾ പരസ്പരം കൈകൾ ഇരുവശത്തേയ്ക്കും കോർത്ത് അണിചേർന്നു. ഹാളിലെ ആദ്യ കസേരയിൽ നിന്നും ആരംഭിച്ച് മറ്റു കസേരകളിലൂടെ കടന്ന് ഗാലറികളിലെ ജനക്കൂട്ടം വഴി ഒരു തിരമാല പോലെ ആയിരങ്ങൾ കൈ ചേർത്ത് പിടിച്ചു. ഏറ്റവും ഒടുവിൽ കെ സി വേണുഗോപാലിന്റെ കൈകളിലേക്ക് അവസാന കണ്ണികൾ ഭദ്രമായി എത്തിയ്്ക്കുന്ന രീതിയിലാണ് തിരമാല അവസാനിച്ചത്. ഈ കൈകൾ ചേർത്ത് പിടിച്ചത് യഥാർത്ഥ ഇന്ത്യയെ വീണ്ടെടുക്കാനാണെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു.
യോഗത്തിൽ ഇൻകാസ് യുഎഇ പ്രസിഡണ്ട് മഹാദേവൻ വാഴശേരിൽ അധ്യക്ഷത വഹിച്ചു. വണ്ടൂർ എം എൽ എ- എ പി അനിൽകുമാർ, ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി എസ് മുഹമ്മദ് ജാബിർ, വൈസ് പ്രസിഡണ്ട് ടി എ രവീന്ദ്രൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വൈ എ റഹിം, കെ എം സി സി യുഎഇ പ്രസിഡണ്ട് ഡോ. പൂത്തൂർ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു. വാദ്യമേളങ്ങളോടെ ഘോഷയാത്രയായിട്ടാണ് അതിഥികളെ വേദിയിലേക്ക് എത്തിച്ചത്.