തീയിൽനിന്ന് പ്രവാസികളെ രക്ഷിച്ച ജാസിം ഇസ്സ മുഹമ്മദ്
ഇന്ന് (മെയ് 4), International Firefighters' Day അഥവാ 'അന്താരാഷ്ട്ര അഗ്‌നിശമനസേനാദിനം' വിവിധ രാജ്യങ്ങൾ ആചരിക്കുന്നു. തീപ്പിടുത്തത്തിൽ അകപ്പെടുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവൻ രക്ഷിക്കാൻ തങ്ങളുടെ സുരക്ഷാ പോലും മറന്ന് ഓടിയെത്തുന്ന അഗ്‌നിശമന സേനാംഗങ്ങളെ ആദരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓസ്ട്രേലിയയിൽ 1998 ഡിസംബർ 2-ന് പടർന്ന കാട്ടുതീ അണയ്ക്കാൻ പോയ അഞ്ച് അഗ്‌നിശമന സേനാംഗങ്ങൾ പൊള്ളലേറ്റ് മരണപ്പെട്ടതാണ് ഈ ദിനാചരണത്തിന് കാരണമായ സംഭവം. തുടർന്ന് 1999 മുതൽ, വിവിധ ലോകരാജ്യങ്ങൾ 'അന്താരാഷ്ട്ര അഗ്‌നിശമനസേനാദിനം' ആചരിച്ചുവരുന്നു.
ഇന്നേദിനം ഗൾഫിലെ, പ്രത്യേകിച്ച് ദുബായിലെ പ്രവാസി മലയാളികൾ നന്ദിയോടെ അനുസ്മരിക്കേണ്ട ഒരു എമിറാത്തി പൗരനുണ്ട്. നൂറുകണക്കിന് മലയാളികളെ തീയിൽനിന്ന് രക്ഷിക്കാനായി സ്വന്തം ജീവൻ ത്യാഗം ചെയ്ത ആ ധീരന്റെ പേര് ജാസിം ഇസ്സ മുഹമ്മദ് ഹസ്സൻ അൽ ബലൂഷി. അദ്ദേഹം യു.എ.ഇയിലെ പരിചയസമ്പന്നനായ ഒരു അഗ്‌നിശമനസേനാംഗം ആയിരുന്നു. 2016 ആഗസ്റ്റ് 3 ന്, തിരുവനന്തപുരം - ദുബായ് EK 521 എമിറേറ്റ്‌സ് വിമാനത്തിന്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച്, ക്രാഷ് ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.45നാണ് സംഭവം. 282 യാത്രക്കാർ വിമാനത്തിലുണ്ട്. ഭൂരിഭാഗവും മലയാളികൾ. ഏതു സമയവും തീ ആളിക്കത്താവുന്ന ആ വിമാനത്തിൽനിന്ന്, യാത്രികരെയും ഫ്‌ലൈറ്റ് ക്രൂവിനെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ മുൻപന്തിയിൽനിന്ന അഗ്‌നിശമനസേനാംഗമാണ് ജാസിം ഇസ്സ മുഹമ്മദ്. അവസാന യാത്രികനും പുറത്തിറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിൽ തീ പടർന്നു. അപ്പോഴും യാത്രികരുടെ ജീവന് പ്രാധാന്യം നൽകി ആ ധീരൻ. ആ വിമാന അപകടത്തിൽ യാത്രികർ എല്ലാവരും രക്ഷപെട്ടു.
എന്നാൽ, രക്ഷാപ്രവർത്തനത്തിനിടെ റാസൽഖൈമ സ്വദേശിയായ, ജാസിം ഇസ്സ മുഹമ്മദ് ഹസ്സൻ അൽ ബലൂഷി എന്ന എമിറാത്തി പൗരൻ വീരമൃത്യു വരിച്ചു. വെറും 27-ാം വയസ്സിലാണ് ജാസിം ഇസ്സ മുഹമ്മദ് നമ്മെ വിട്ടുപോയത്. 'അന്താരാഷ്ട്ര അഗ്‌നിശമനസേനാദിന'ത്തിൽ പ്രവാസികൾ ജാസിം ഇസ്സ മുഹമ്മദിനെ ഓർക്കുന്നത് ഒരു അനിവാര്യതയാണ്. കാരണം, ഗൾഫ് നാടിന്, അഥവാ തദ്ദേശീയർക്ക് പ്രവാസികളോടുള്ള സ്‌നേഹത്തിന്റെ പ്രതീകമാണ് ഇന്ന് ഈ പേര്: 'ജാസിം ഇസ്സ മുഹമ്മദ് ഹസ്സൻ അൽ ബലൂഷി.'