ഗൾഫ് വാർത്തകൾ
രാജ്യത്ത് ആരോഗ്യ മേഖല സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാലിബ്രേഷൻ സെന്റർ സ്ഥാപിക്കാനൊരുങ്ങി സൗദി ആരോഗ്യ മന്ത്രാലയം. സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ രാജ്യത്ത് കാലിബ്രേഷൻ സെന്റർ സ്ഥാപിക്കുന്നതിന് ആരോഗ്യ മന്ത്രാലയം ധാരണയിലെത്തി. സ്വകാര്യ ആരോഗ്യ മേഖലയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് പരസ്പര ധാരണയായി.
സഹകരണ കരാറിൽ ആരോഗ്യ മന്ത്രാലയവും സ്വകാര്യ ആരോഗ്യ മേഖല സ്ഥാപനങ്ങളും ഒപ്പ് വെച്ചു. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക, മെഡിക്കൽ ഉപകരണങ്ങളുടെ പരിശോധനയും ഗുണമേൻമയും ഉറപ്പ് വരുത്തുക, ചികിൽസാ രീതികളിലെ നൂതന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക, രോഗങ്ങൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സമഗ്ര ആരോഗ്യ പരിചരണം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് കാലിബ്രേഷൻ സെന്റർ സ്ഥാപിക്കുന്നത്.
..................................
ഒമാന്റെ 52-ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി. നവംബര്‍ 30 വരെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് ഉപയോഗിക്കാം. റോയല്‍ ഒമാന്‍ പൊലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു വേണം വാഹനങ്ങള്‍ സ്റ്റിക്കറുകള്‍ പതിക്കാന്‍. ഒമാനിൽ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കുമ്പോൾ വിന്‍ഡോ ഗ്ലാസ്, നമ്പര്‍ പ്ലേറ്റ്, ലൈറ്റുകള്‍ എന്നിവിടങ്ങളിലേക്ക് സ്റ്റിക്കറുകള്‍ വ്യാപിക്കരുത്. പിന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സ്റ്റിക്കര്‍ ഡ്രൈവര്‍ക്ക് പിന്‍വശത്തെ വിന്‍ഡോയിലെ ചിത്രങ്ങള്‍ കാണാന്‍ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണം. ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ളവ നിരോധിച്ചിട്ടുണ്ട്.
..................................
അജ്ഞാതനായ പിതാവിന്റെ അഭാവത്തിലും യുഎഇയിൽ കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകിത്തുടങ്ങി. ബാലാവകാശ നിയമം അനുസരിച്ച് ജനന സർട്ടിഫിക്കറ്റിനു കുട്ടിക്ക് അർഹതയുണ്ട് എന്നതിനാലാണ് തീരുമാനം. പരിഷ്ക്കരിച്ച ജനന, മരണ ചട്ടമനുസരിച്ചാണ് നടപടി. പുതിയ നിയമം ഒക്ടോബർ മുതൽ നിലവിൽ വന്നു. കുട്ടിയുടെ അമ്മയാണ് അപേക്ഷിക്കേണ്ടത്. അമ്മയാണെന്ന് തെളിയിക്കുന്ന രേഖകൾ നിർബന്ധം. മാതാപിതാക്കൾ വിവാഹിതരാണോ അല്ലയോ എന്നു പരിഗണിക്കാതെ ജനന സർട്ടിഫിക്കറ്റ് അപേക്ഷ പരിഗണിക്കണമെന്നാണ് നിർദേശം.
..................................
യുഎഇയിൽ പൊതുഗതാഗത സർവീസിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. സ്വകാര്യ വാഹനങ്ങൾ ഉള്ളവർ പോലും യാത്രകൾക്ക് ആശ്രയിക്കുന്നത് പൊതുഗതാഗത സംവിധാനത്തെയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രാഫിക് തിരക്കുകൾ, പാർക്ക് ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന ഫീസ് എന്നിവ കണക്കിലെടുത്താണ് പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ആളുകളും ആശ്രയിക്കുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്
..................................
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ കടയ്ക്കൽ ഒരുമയുടെ ഓണം -ഈദ് - കേരളപിറവി ആഘോഷങ്ങൾ സംയുക്തമായി " ഒരുമോത്സവം " എന്ന പേരിൽ നവംബർ 6 ഞായറാഴ്ച ദുബായ് അൽ ഖിസൈസ് സ്റ്റേഡിയം ഗ്രീൻ മെട്രോ സ്റ്റേഷന് അടുത്തുള്ള വുഡ്‌ലേം പാർക്ക് സ്കൂളിൽ വച്ച് നടത്തുന്നു. പ്രശസ്ത കവി മുരുകൻ കട്ടാക്കടയുടെ കാവ്യാവിഷ്കാരം, വോയിസ് അറേബ്യയുടെ ബാനറിൽ പ്രശസ്ത പിന്നണി ഗായകരും ടെലിവിഷൻ താരങ്ങളുമായ ശ്രീനാഥ്, മണികണ്ഠൻ, ഹസീബ്, ഗ്രീഷ്മ, ഹിഷാന, റാഷിദ് എന്നിവരും ADMA ഡാൻസ് അക്കാദമി കലാകാരികളും ചേർന്നു അവതരിപ്പിക്കുന്ന സംഗീത - നൃത്ത - ഹാസ്യ വിരുന്ന്, ഒരുമ ആർട്സ് ക്ലബ്ബിന്റെ വിവിധ പരിപാടികൾ, സൗഹൃദ വടം വലി, ചെണ്ടമേളം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. രാവിലെ 10.30 മുതൽ വൈകുന്നേരം 7 മണിവരെയാണ് ഒരുമോത്സവം അരങ്ങേറുന്നത്. പ്രവേശനം സൗജന്യമാണ്
..................................
ഫാൻ മുണ്ടുകൾ എന്ന പേരിലുള്ള ലോകകപ്പ് സ്പെഷൽ മുണ്ടുകൾ ഖത്തറിൽ ആരാധകർക്കിടയിലേയ്ക്ക് എത്തിക്കഴിഞ്ഞു. ഫുട്ബോൾ ആവേശം മുണ്ടുകളിലാക്കി വിപണിയിൽ എത്തിച്ചിരിക്കുന്നത് ഖത്തറിലെ നാലംഗ മലയാളികൾ സംഘമാണ്. ഖത്തർ, അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, മെക്സിക്കോ, ജർമനി എന്നീ ടീമുകളുടെ ജേഴ്സികളുടെ ഡിസൈനിലുള്ള മുണ്ടുകളാണ് നിലവിൽ വിപണിയിലുള്ളത്.
..................................
യുഎഇ വീസയ്ക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വീസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം ഉണ്ടായിരുന്നത് 5000 ദിർഹമാക്കി വർധിപ്പിച്ചു. പാർട്ണർ/ഇൻവെസ്റ്റർ വീസക്കാർ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോൺസർ ചെയ്യുന്നതിന് 1500 ദിർഹത്തിനു പകരം ഇനി 3000 ദിർഹം വീതം നൽകണം. മാതാപിതാക്കളെ സ്പോൺസർ ചെയ്യുന്നതിന് 5000 ദിർഹമാക്കി. നിലവിൽ 2000 ദിർഹമായിരുന്നു. വീസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കുള്ള പ്രതിദിന പിഴ 50 ദിർഹവുമായി ഏകീകരിച്ചു.
..................................