ഇത്തിഹാദ് റെയിൽ അബുദാബിയുടെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു
ഇത്തിഹാദ് റെയിലിനെ അബുദാബിയുടെ വ്യവസായ നഗരമായ ഐകാഡ് സിറ്റിയിലെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു. പുതിയ പാതയുടെ നിർമാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടം നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. ഇത്തിഹാദ് റെയിലിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ചരക്കു ടെർമിനലുമായി ബന്ധിപ്പിച്ചത്.
ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ഫ്രൈറ്റ് ടെർമിനലിനെ ബന്ധിപ്പിച്ചതോടെ ചരക്കുനീക്കം സുഗമമാകും. ഇറക്കുമതിയും കയറ്റുമതിയും ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് റെയിൽ റിലേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ പറഞ്ഞു.
2.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമാണം പുരോഗമിക്കുന്ന ഫ്രൈറ്റ് ടെർമിനലിന് വർഷത്തിൽ 2 കോടി ടൺ ചരക്കു കൈകാര്യം ചെയ്യാനാവും. യുഎഇ–സൗദി അതിർത്തിയിൽ നിന്ന് ഫുജൈറ തുറമുഖം വരെ നീളുന്ന ഇത്തിഹാദ് റെയിൽ താമസ, വ്യാവസായിക, ഉൽപാദന കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്.
തുടക്കത്തിൽ ചരക്കു നീക്കമാണ് ലക്ഷ്യമെങ്കിലും വൈകാതെ യാത്രാ സംവിധാനവും ഒരുക്കുന്നുണ്ട്. ജൂലൈയിൽ ഖലീഫ തുറമുഖവുമായും ബന്ധിപ്പിച്ചിരുന്നു. സൗദി അറേബ്യ–യുഎഇ അതിർത്തി മുതൽ ഫുജൈറ വരെ 1,200 കിലോമീറ്റർ നീളുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയിൽ വ്യാപാര, വ്യവസായ, ഉൽപാദന, ചരക്കുഗതാഗത, പാർപ്പിട മേഖലകളെ ബന്ധിപ്പിക്കും.