യു.എ. ഇ പൊതുമാപ്പ് :ഇന്ത്യൻ ഇസ് ലാമിക് സെൻ്റർ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
യു.എ. ഇ സർക്കാർ നടപ്പിലാക്കുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിന് ഇന്ത്യൻ ഇസ് ലാമിക് സെൻ്ററിൽ ഞായറാഴ്ച മുതൽ ടൈപ്പിംഗ് സൗകര്യത്തോട് കൂടിയ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. പബ്ലിക് റിലേഷൻസ് വിംഗിൻ്റെ ആഭിമുഖ്യത്തിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. ഹെൽപ്പ് ഡെസ്കിൻ്റെ സേവനം പൊതുമാപ്പ് കാലയളവിൽ ഉടനീളം ലഭ്യമാവും. യു. എ. ഇ സർക്കാർ പൊതുമാപ്പ് കാലയളവിൽ രേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് നാട്ടിൽ പോവുന്നതിന് ഔട്ട് പാസ് അനുവദിക്കും. അല്ലാത്തവർക്ക് രേഖകൾ നിയമാനുസൃതമാക്കി യു.എ. ഇയിൽ തുടരാനും സാധിക്കും. ഇതിന് വേണ്ടി വരുന്ന വിവിധ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ഫീസിളവ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ഇസ്‌ലാമിക് സെന്റർ സദാ സന്നദ്ധമാന്നെന്നും ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും, പൊതു പ്രവർത്തകരിൽ നിന്ന് ഉയർന്ന ആവശ്യം പരിഗണിച്ചു കൊണ്ട് സ്വഹാനിലെ ഡെപ്പോര്റ്റേഷൻ സെന്ററിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ഇസ്‌ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവഹാജി നിർവ്വഹിച്ചു. വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് സമീർ അദ്ധ്യക്ഷനായ ചടങ്ങിൽ ജന. സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള സ്വാഗതവും കൾച്ചറൽ സെക്രട്ടറി മശ്ഹൂദ് നീർച്ചാൽ നന്ദിയും പറഞ്ഞു. പബ്ലിക് റിലേഷൻസ് വിംഗ് സെക്രട്ടറി അഡ്വ ശറഫുദ്ദീൻ യു. എ. ഇ പൊതുമാപ്പ് സംബന്ധമായ വിഷയാവതരണം നടത്തി. സെൻ്റർ പ്രതിനിധികൾ എംബസി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇസ്‌ലാമിക് സെന്റർ ഈ വിഷയത്തിൽ നടത്തുന്ന ഇടപെടലുകളെ എംബസി ഉദ്യോഗസ്ഥർ ശ്ലാഘിക്കുകയും പൂർണ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു.
ഇസ്‌ലാമിക് സെന്റർ ട്രഷറർ ബി.സി. അബൂബക്കർ, സെക്രട്ടറിമാരായ ഇസ്ഹാഖ് നദ് വി , ഹാഷിം ഹസ്സൻകുട്ടി, ജാഫർ കുറ്റിക്കോട് , KMCC സ്റ്റേറ്റ് ജന. സെക്രട്ടറി യൂസുഫ്, റഷീദ് പട്ടാമ്പി , പബ്ലിക് റിലേഷൻസ് വിംഗ് അംഗങ്ങളായ അബ്ദുർശീദ് KK, നൗഫൽ പട്ടാമ്പി, സലീം നാട്ടിക, ശാഫി ഇരിങ്ങാവൂർ, അബ്ദുല്ലത്തീഫ് കോട്ടോപ്പാടം, അബ്ദുൽ കരീം KP, അബ്ദുസ്സമദ് TV, സഹീർ ഹുദവി , ഹഫീള് ചാലാട്, ശിഹാബ് മന്നിങ്ങൽ, മുഹമ്മദ് അനസ്, , മുജീബ് റഹ്മാൻ, ശംസുദ്ദീൻ KT, , ശിനോസ് വയനാട്, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.