'ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ ജനാധിപത്യത്തിനു കരുത്ത് പകരുന്ന വിധിയുണ്ടാവണം' ; സ്നേഹ സംഗമം പരിപാടി ഉദ്ഘാടനം സിപിഐഎം നേതാവ് പി കെ ബിജു
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ കേന്ദ്ര ഭരണകൂടം തന്നെ വെല്ലുവിളിക്കുന്ന കാലത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സവിശേഷ പ്രാധാന്യം കൃത്യമായി തിരിച്ചറിഞ്ഞുള്ള വിധിയെഴുത്താണ് ജനാധിപത്യ വിശ്വാസികൾ നടത്തേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു. ലോക്സഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായി ദുബായിലെ പുരോഗമന സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടി ഉദ്ഘാടനം ചെയ്തു സൂം വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതേതര സ്വഭാവത്തെ തകർത്ത്, ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരമുറപ്പിക്കുന്ന പ്രവണതകൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാനുള്ള ജാഗ്രത കേരളം കാണിക്കേണ്ടതുണ്ടെന്ന് പരിപാടിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സി.പി. ഐ മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ ചൂണ്ടിക്കാട്ടി.
കേരളത്തിനുവേണ്ടി കരുത്തോടെ ശബ്ദമുയർത്താൻ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ നിന്നും ഇടതുപക്ഷ പ്രതിനിധികൾ പാർലമെന്റിൽ ഉണ്ടാകണമെന്ന് ഐ എൻ എൽ നേതാവ് ശ്രീ കാസിം ഇരിക്കൂർ ഓൺ ലൈൻ വഴി ആശംസകൾ അറിയിച്ചു. സിപിഐ നേതാവ് വിൽസൺ തോമസ് അദ്ധ്യക്ഷനായി. നോർക്ക ഡയറക്ടർ ഒ .വി മുസ്തഫ, ഐ എൻ എൽ നേതാവ് അഡ്വ. ഷംസുദ്ദീൻ, ഐ എം സി സി നേതാവ് അഷ്‌റഫ് തച്ചരോത്ത്, കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവ് എബ്രഹാം പി സണ്ണി, യുവകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ എന്നിവർ സംസാരിച്ചു.
ലോക കേരളസഭാംഗവും ഓർമ മുഖ്യരക്ഷാധികാരിയുമായ എൻ.കെ കുഞ്ഞഹമ്മദ് യോഗത്തിന് സ്വാഗതവും സോണിയ ഷിനോയ് നന്ദി പറഞ്ഞു. വിവിധ പുരോഗമന പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 20 ലോകസഭാമണ്ഢലങ്ങളിൽ നിന്നായി 450 ഓളം പേർ യോഗത്തിനെത്തിയിരുന്നു . പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി 55 അംഗ കമ്മിറ്റി രൂപീകരിച്ചു. ചെയർമാനായി ഒ.വി മുസ്തഫ, വൈസ് ചെയർമാനാമാരായി വിൽസൻ തോമസ്, അഷറഫ് തച്ചറോത്ത്, ഷിജു ബഷീർ, സോണിയ ഷിനോയ് എന്നിവരെയും ജനറൽ കൺവീനറായി എൻ.കെ, കുഞ്ഞമ്മദ്, ജോ: കൺവീനർമാരായി എബ്രഹാം സണ്ണി, പ്രദീപ് തോപ്പിൽ, ബാബു, എന്നിവരെയും യോഗം തീരുമാനിച്ചു.