വിമാനക്കമ്പനികളുടെ കെടുകാര്യസ്ഥതയും ടിക്കറ്റ് വില വർധനവും അവസാനിപ്പിക്കണം ; ഐസിഎഫ്
വിമാനക്കമ്പനികളുടെ കെടുകാര്യസ്ഥതയും പ്രവാസികളുടെ നിലക്കാത്ത യാത്രാദുരിതവും ഉയര്‍ത്തിക്കാട്ടി ‘അവസാനിക്കാത്ത ആകാശച്ചതികള്‍’ എന്ന പേരില്‍ ഐ.സി.എഫ് ഖമീസ് മുശൈത്ത് സെന്‍ട്രല്‍ കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു.ഐ.സി.എഫ് ഹാളില്‍ നടന്ന പരിപാടി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി സെക്രട്ടറി ബഷീര്‍ ചെമ്മാട് ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് നാഷനല്‍ ക്ഷേമകാര്യ പ്രസിഡൻറ് മഹമൂദ് സഖാഫി മാവൂർ അധ്യക്ഷത വഹിച്ചു.
യാത്ര ദൈര്‍ഘ്യവും സമയവും അധികമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഈടാക്കുന്ന അതേ ടിക്കറ്റ് ചാർജോ അതിനേക്കാള്‍ കൂടിയ ചാർജോ ആണ് പകുതി ദൂരമുള്ള ഗള്‍ഫ് സെക്ടറിൽ നിന്ന് വിമാന കമ്പനികള്‍ വാങ്ങിക്കുന്നത്. സീസണ് സമയങ്ങളില്‍ നടത്തുന്ന പെരുംകൊള്ളക്ക് പുറമെ യാത്രകള്‍ പൊടുന്നനെ റദ്ദ് ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്ന് പുറമെ സമ്മതിക്കുമ്പോഴും അവരുടെ ജീവല്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും അധികാരികളും പരാജയപ്പെടുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും കപ്പല്‍ സർവിസുകള്‍ അടിയന്തരമായി തുടങ്ങി ആകാശയാത്രക്ക് ബദല്‍ സംവിധാനം ഒരുക്കുന്നതിലൂടെ മാത്രമേ പ്രവാസികളുടെ യാത്ര ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്ന് ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ശബ്ദങ്ങള്‍ക്ക് പരിഗണന ലഭിക്കണമെങ്കില്‍ പ്രവാസി സമൂഹം വോട്ട് ബാങ്കായി മാറണം. സാധാരണക്കാരായ പ്രവാസികളെ ബാധിക്കുന്ന യാത്ര പ്രശ്നത്തില്‍ പ്രായോഗിക പരിഹാരം കാണുന്നതുവരെ ഐ.സി.എഫ് സമരരംഗത്തുണ്ടാകുമെന്നും ഇതര പ്രവാസി സംഘടനകളുടെ പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും ജനകീയ സദസ്സ് ആവശ്യപ്പെട്ടു.