Begin typing your search...

അക്ഷരക്കൂട്ടം 'പാട്ടിൻറെ വഴികൾ' ഹൃദ്യമായി

അക്ഷരക്കൂട്ടം പാട്ടിൻറെ വഴികൾ ഹൃദ്യമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

" സ്വാമീ നിങ്ങളെൻറെ കനമാർന്ന കവിതയെ മാസ്മരിക സംഗീതം കൊണ്ട് പഞ്ഞിയാക്കിത്തീർത്തു , ഇത് പറഞ്ഞത് മലയാളത്തിൽ നിന്നും ആദ്യമായി ജ്ഞാനപീഠ പുരസ്‌കാരം നേടിയ പ്രിയ കവി ജി. ശങ്കരക്കുറുപ്പ് . പറഞ്ഞതാരോടെന്നോ മലയാളത്തിൻറെ എക്കാലത്തെയും പ്രിയ സംഗീതജ്ഞൻ വി.ദക്ഷിണാമൂർത്തിയോട് , അഭയം എന്ന ചിത്രത്തിലെ "ശ്രാന്തമംബരം " എന്ന ഗാനത്തിനു സംഗീതം പകർന്നത് സ്വാമിയാണ് , ജിയുടെ സാഗരഗീതം എന്ന കവിതയെയാണ് സ്വാമി പഞ്ഞി പോലെ മൃദുവാക്കിയെടുത്ത് . അധികം ആരും അറിയാത്ത ഈ കഥയുടെ പിന്നാമ്പുറം അറിഞ്ഞത് പ്രമുഖ കലാനിരൂപകൻ ഇ. ജയകൃഷ്ണന്റെ വാക്കുകളിൽ നിന്ന്, അക്ഷരക്കൂട്ടം സിൽവർ ജൂബിലിയോടനുബന്ധിച്ചു കഴിഞ്ഞ ദിവസം ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന 'പാട്ടിൻറെ വഴികൾ' എന്ന സംഗീതസന്ധ്യയിൽ.

കെ. രാഘവൻ, ദക്ഷിണാമൂർത്തി, ദേവരാജൻ, ബാബുരാജ് മുതലായ സംഗീതജ്ഞർ മലയാളിക്ക് സമ്മാനിച്ച ഈണങ്ങളിൽ ചിലത് ജയകൃഷ്ണൻ പാടുമ്പോൾ വയലിനിൽ മുസ്തഫ പാടൂർ , തബലയിൽ സുരേന്ദ്രൻ ചാലിശ്ശേരി , ഹാർമോണിയത്തിൽ ബാബു കുമരനെല്ലൂർ എന്നിവർ പിന്നണിയിൽ അകമ്പടി സേവിച്ചത് ആസ്വാദ്യകരമായിരുന്നു.

ശൂന്യതയിൽ നിന്ന് മൂർത്തരൂപങ്ങളെ സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന മായാജാലക്കാർ ആയിരുന്നു പഴയ കാലത്തിലെ സംഗീതജ്ഞർ, അതുകൊണ്ടാണല്ലോ അവരൊക്കെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോഴും ആ ഗാനങ്ങൾ അനേകരുടെ ചുണ്ടിൽ മൂളിപ്പാട്ടായി ഒഴുകുന്നത്. പി. ഭാസ്കരനിൽ തുടങ്ങി വയലാർ രാമവർമ , ശ്രീകുമാരൻ തമ്പി, ഒ .എൻ.വി കുറുപ്പ് മുതലായവരുടെ വരികളുടെ സൗകുമാര്യം ജയകൃഷ്ണൻ പറഞ്ഞു തന്നത് വേറിട്ടനുഭവമായി. മലയാള ചലച്ചിത്രഗാനങ്ങളുടെ പിറവി, രചനാ ചരിത്രം, സംഗീത വഴി, ഗാനാലാപത്തിലെ പ്രത്യേകത, സംഗീതത്തിന്റെ സൗന്ദര്യം എന്നിവ വിശദമായി പ്രതിപാദിച്ചു.

ഓർമകളെ കൈവള ചാർത്തി, ഇരുകണ്ണീർ തുള്ളികൾ, ഇലഞ്ഞിപ്പൂമണം ,ഹർഷബാഷ്പം, ഇളവന്നൂർ മഠത്തിലെ , എൻ പ്രാണനായകനെ , ഇന്ദ്രവല്ലരിപ്പൂ ചൂടി വരും, മിഴികളിൽ നിറകതിരായ് , പതിവായി പൗർണമി , ശ്രാവണചന്ദ്രിക , അകലെ അകലെ നീലാകാശം , പാടാത്ത വീണയും പാടും എന്നീ ഗാനങ്ങൾ അവയിൽ ചിലതു മാത്രം . പി . ഭാസ്‌കരന്റെ തൂലികയിൽ പിറന്ന് കെ. രാഘവൻ ഈണമിട്ട അമ്മയെ കാണാൻ ചലച്ചിത്രത്തിലെ കൊന്നപ്പൂവേ കൊങ്ങിണിപൂവേ പാടിയപ്പോഴും ഒ .എൻ . വി കുറുപ്പ് രചന നിർവഹിച്ച് സലിൽ ചൗധരി സംഗീതം പകർന്ന തുമ്പോളി കടപ്പുറത്തിലെ കാതിൽ തേൻമഴയായ് പാടിയപ്പോഴും സദസ്സും ഒരുമിച്ചു പാടിയത് ശ്രദ്ധേയമായിരുന്നു.

രണ്ടരമണിക്കൂറോളം നീണ്ട പരിപാടിയിൽ അവസാനമായി തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ എസ.ജാനകി പാടിയ ഞാൻ ഉറങ്ങാൻ പോകും മുൻപായി എന്ന ഗാനം പാടിയപ്പോൾ സദസാകെ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി .

'പാട്ടിൻറെ വഴികൾ' കൺവീനർ കെ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു ഷാർജ ബുക്ക് അതോറിറ്റി എക്‌സ്റ്റെർണൽ അഫെയർസ്‌ എക്സിക്യൂട്ടീവ് മോഹൻകുമാർ ഇ. ജയകൃഷ്ണനെ പൊന്നാടയണയിച്ചു, കവിയും പ്രഭാഷകനുമായ പി . മണികണ്ഠൻ ശിൽപി നിസാർ ഇബ്രാഹിം നിർമിച്ച ശിൽപം നൽകി ആദരിച്ചു . മുസ്തഫ പാടൂർ , സുരേന്ദ്രൻ ചാലിശ്ശേരി , ബാബു കുമരനെല്ലൂർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു അക്ഷരക്കൂട്ടം സിൽവർ ജൂബിലി ചെയർമാൻ ഇ.കെ.ദിനേശൻ, ജനറൽ കൺവീനർ റോയി നെല്ലിക്കോട് , ഷാജി ഹനീഫ്, പ്രീതി രഞ്ജിത്ത് , സജ്‌ന അബ്ദുള്ള , ഹമീദ് ചങ്ങരംകുളം, റോജിൻ പൈനുംമൂട് , പ്രവീൺ പാലക്കീൽ , നവാസ് എം.സി എന്നിവർ പ്രസംഗിച്ചു . പൊന്നാനി കൂട്ടായ്‌മ , പൊന്നാനി എം.ഇ. എസ് കോളേജ് അലുമ്‌നേ എന്നിവയ്ക്ക് വേണ്ടി യാക്കൂബ് ഹസൻ, സക്കീർ , മുജീബ് എന്നിവരുടെ നേതൃത്വത്തിൽ ജയകൃഷ്ണനെയും ഭാര്യ പ്രസീദയെയും ആദരിച്ചു.

WEB DESK
Next Story
Share it