തനിമ സാംസ്കാരിക വേദി വെസ്റ്റേൺ പ്രവശ്യ ഹജ്ജ് വാളന്റിയർമാർ പരിശീലനം പൂർത്തിയാക്കി
തനിമ സാംസ്കാരിക വേദി വെസ്റ്റേൺ പ്രവിശ്യയുടെ കീഴിൽ ഈ വർഷം ഹജ്ജ് സേവനത്തിനായി പോകുന്ന ജിദ്ദയിലെ വളൻറിയർമാർക്കുള്ള പരിശീലനം പൂർത്തിയായി. അവസാനഘട്ട പരിശീലനത്തിൽ വളൻറിയർമാർക്കുള്ള ആവശ്യമായ നിർദേശങ്ങൾക്ക് പുറമെ, ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങളെക്കുറിച്ചുള്ള ‘മാപ്പ് റീഡിങ്ങി’ലുള്ള പരിശീലനമാണ് പ്രധാനമായും നടന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഹജ്ജ് സേവനം നിർവഹിച്ച വളൻറിയർമാർ അനുഭവങ്ങൾ പങ്കുവെച്ചത് പുതുതായി തനിമ വളൻറിയർ വിങ്ങിൽ ചേർന്ന സന്നദ്ധ പ്രവർത്തകർക്ക് ആവേശമായി.
‘മോട്ടിവേഷൻ സെഷനി’ൽ കെ.ടി. അബൂബക്കർ ക്ലാസെടുത്തു. പ്രവിശ്യ പ്രസിഡൻറ് ഫസൽ കൊച്ചി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വളൻറിയർ ക്യാപ്റ്റൻ ഇ.കെ. നൗഷാദിന് നൽകി തനിമ കേന്ദ്ര പ്രസിഡൻറ് എ. നജ്മുദ്ദീൻ വളൻറിയർമാർക്കുള്ള ‘ജാക്കറ്റ്’ റിലീസിങ് നിർവഹിച്ചു. വളൻറിയർമാർക്കുള്ള നിർദേശങ്ങൾ കോഓഡിനേറ്റർ മുനീർ ഇബ്രാഹിം നൽകി. അബ്ദു സുബ്ഹാൻ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. സഫറുല്ല മുല്ലോളി, സി.എച്ച്. ബശീർ, കുട്ടിമുഹമ്മദ് കുട്ടി, നിസാർ ബേപ്പൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഈ വർഷത്തെ തനിമ വെസ്റ്റേൺ പ്രവിശ്യ ഹജ്ജ് വളൻറിയർ സംഘത്തിൽ യാംബു, തബൂക്ക്, അസീർ, ഖമീസ് മുശൈത്ത് തുടങ്ങിയ സിറ്റികളിൽ നിന്നുമുള്ള വളൻറിയർമാർ കൂടി ചേരുമെന്നും അതത് പ്രദേശങ്ങളിൽ അവർക്കുള്ള പരിശീലനം പൂർത്തിയാക്കി വരികയാണെന്നും കോഓഡിനേറ്റർ മുനീർ ഇബ്രാഹീം അറിയിച്ചു.