സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ്: യു.എ.ഇ 15ാമത്തെ 'ജില്ലാ ടീം'
സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിക്കുന്ന സ്‌കൂൾ ഒളിമ്പിക്‌സിൽ ഗൾഫിലെ വിദ്യാർഥികൾക്കും മാറ്റുരക്കാൻ അവസരം. മേളയിലേക്ക് പ്രവാസി താരങ്ങളെ ക്ഷണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കി. ആദ്യമായാണ് സംസ്ഥാന സർക്കാറിന്റെ ഒരു കായിക മേളയിലേക്ക് ഗൾഫിലെ വിദ്യാർഥികൾക്ക് ക്ഷണം ലഭിക്കുന്നത്. മേളയിൽ 15ാമത്തെ ജില്ലാ ടീമായിരിക്കും യു.എ.ഇ.
യു.എ.ഇയിൽ കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് നവംബർ നാലിന് കൊച്ചിയിൽ ആരംഭിക്കുന്ന കേരളാ സ്‌കൂൾ സ്‌പോർട്‌സിൽ മാറ്റുരക്കാൻ അവസരം ലഭിക്കുക. ഗൾഫിൽ യു.എ.ഇയിലെ എട്ട് സ്‌കൂളിലാണ് നിലവിൽ കേരള സിലബസുള്ളത്. യു.എ.ഇയിലെ മികച്ച സ്‌കൂൾ കായികതാരങ്ങളെ മേളയിലേക്ക് ക്ഷണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവസ് ഐ.എ.എസ് പുറത്തിറത്തിറക്കിയ സർക്കുലർ കഴിഞ്ഞ ദിവസം യു.എ.ഇയിലെ സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് ലഭിച്ചു.
നാലുവർഷം കൂടുമ്പോൾ ഒളിമ്പിക്‌സ് മാതൃകയിൽ മേള സംഘടിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നവംബർ 11 വരെയാണ് ഈ കായികമേള. കേരളത്തിലെ 14 ജില്ലകൾക്ക് പുറമേ 15ാമത്തെ ടീമായി യു.എ.ഇയിൽ നിന്നുള്ള വിദ്യാർഥികൾ വിവിധയിനങ്ങളിൽ മാറ്റുരക്കും. മേളയിലേക്ക് മികച്ച താരങ്ങളെ കണ്ടെത്താൻ യു.എ.ഇതലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമുണ്ട്. ഇതനുസരിച്ച് ഈമാസം 20ന് ദുബൈയിലെ ന്യൂഇന്ത്യൻ മോഡൽ സ്‌കൂളിൽ യു.എ.ഇ ക്ലസ്റ്റർതല മൽസരങ്ങൾ നടക്കും. സ്‌കൂൾ ഒളിമ്പിക്‌സിൽ ജേതാവാകുന്ന പ്രവാസി താരങ്ങൾക്ക് ദേശീയ സ്‌കൂൾ മീറ്റിൽ കേരളത്തെ പ്രതിനിധീകരിക്കാം. കലോത്സവങ്ങളിലും കായികമേളയിലും മാത്രമല്ല, ഗ്രേസ് മാർക്കിലും തഴയപ്പെട്ടിരുന്ന ഗൾഫിലെ കൗമാര താരങ്ങൾക്ക് സ്‌കൂൾ ഒളിമ്പിക്‌സ് പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ.