ഡാൻസ് സ്റ്റുഡിയോയുമായി നടിയും നർത്തകയുമായ ഷംനാ കാസിം ; ഉദ്ഘാടനം നിർവഹിച്ച് മാതാവ് റൗല കാസിം
പ്രശസ്ത നടിയും നർത്തകിയുമായ ഷംന കാസിം ദുബൈയിൽ ഡാൻസ് സ്റ്റുഡിയോ ആരംഭിച്ചു. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ നൃത്തം, ബോളിവുഡ് ഡാൻസ്, ഫിറ്റ്നസ് ഡാൻസ് എന്നിവയുൾപ്പെടെ വിവിധ നൃത്തരൂപങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പാഠ്യപദ്ധതിയാണ് ഷംനാ കാസിമിൻ്റെ ഡാൻസ് സ്റ്റുഡിയോ വാഗ്ദാനം ചെയ്യുന്നത്.
ഷംനയും മറ്റ് രണ്ടു പേരുമാണ് അധ്യാപകർ. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ രാവിലെ 9 മുതൽ വൈകുന്നേരം 9വരെയാണ് പ്രവർത്തന സമയം. മാസം 8 വീതം ക്ലാസുകളാണ് ഓരോന്നിലും നൽകുക. 200 മുതൽ 300 ദിർഹം വരെയാണ് മാസത്തെ ഫീസ്. അൽ നഹ്ദ പ്ലാറ്റിനം ബിസിനസ് സെൻ്ററിലാണ് ഡാൻസ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്.
നൃത്തഷോകൾ ചെയ്യുന്നതുകൊണ്ട് മലയാള സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്ന് ഷംന കാസിം പ്രതികരിച്ചു. അന്നത് അംഗീകരിച്ചിരുന്നെങ്കിൽ സിനിമയും കരിയറും ഉണ്ടാകുമായിരുന്നില്ലെന്നും അവർ പറഞ്ഞു.
ഡാൻസും സിനിമയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഡാൻസ് ഷോകളിൽ അഭിനയിക്കുന്നതുമൂലം അന്ന് എന്തുകൊണ്ടാണ് സിനിമയിൽ നിന്ന് മാറ്റിനിർത്തിയതെന്ന് ഇന്നും അറിയില്ല. മൂന്നുമാസത്തേക്ക് ഡാൻസ് ഷോകളിൽ നിന്ന് മാറിനിൽക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. മലയാള സിനിമയിൽ സംഭവിച്ച കാര്യങ്ങളിൽ ദുഃഖമുണ്ട്. ഇപ്പോൾ സംഭവിക്കുന്ന മാറ്റങ്ങളെല്ലാം നല്ലതിനാകുമെന്നാണ് കരുതുന്നതെന്നും ഷംന കൂട്ടിച്ചേർത്തു.