സർവീസ് കാർണിവൽ ആഘോഷിച്ച് ഖത്തർ
ഉന്നത പഠനമേഖലയിൽ പുതുവഴി തേടുന്ന വിദ്യാർഥികൾക്ക് വെളിച്ചമായി കരിയർ ഗൈഡൻസ്, നിക്ഷേപ സാധ്യതകൾ അന്വേഷിക്കുന്ന പ്രവാസികൾക്ക് വിവിധ പദ്ധതികളുമായി വിദഗ്ധരും സംരംഭകരും ആരോഗ്യത്തെക്കുറിച്ച് ആശങ്കയുമായെത്തുന്നവർക്കായി രക്തപരിശോധനയും ഡോക്ടർ കൺസൾട്ടേഷനും സംസ്ഥാന-കേന്ദ്ര സർക്കാറുകൾ പ്രവാസികൾക്കായി തയാറാക്കിയ പദ്ധതികൾ അറിയാനും അംഗമാവാനും ആഗ്രഹിച്ചെത്തുന്നവർക്ക് അതിനും ഉത്തരമുണ്ടായിരുന്നു.
പാട്ടുത്സവങ്ങളും ആഘോഷങ്ങളും സമ്മേളനങ്ങളും ഏറെ കണ്ട ഖത്തറിലെ പ്രവാസ മണ്ണിൽ സാമൂഹിക സേവനത്തിന്റെ പുതുമാതൃക തീർത്ത് പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച സർവിസ് കാർണിവൽ.
പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ പേര് സൂചിപ്പിക്കുംപോലെ സേവനങ്ങളുടെ ഉത്സവപ്പറമ്പായിരുന്നു അൽ വക്റ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിന്റെ മുറ്റം. സ്കൂൾ മൈതാനിയെ ചുറ്റിയൊരുക്കിയ പവലിയനുകൾക്ക് മുന്നിൽ ഒരുപാട് ചോദ്യങ്ങളും പ്രശ്നങ്ങളും ആശങ്കകളുമായെത്തിയ ആയിരത്തോളം പ്രവാസികൾ ഉത്തരങ്ങളും നിറഞ്ഞ മനസ്സുമായി മടങ്ങിയ ഉത്സവം.
ഖത്തറിലെ പ്രവാസി സാമൂഹിക-സാംസ്കാരിക കൂട്ടായ്മകൾക്ക് പുതുമാതൃത തീർത്തുകൊണ്ട് സംഘടിപ്പിച്ച ‘സർവിസ് കാർണിവൽ’ സംഘാടനവും ഉള്ളടക്കവും കൊണ്ട് അതിശയിപ്പിച്ചു.
പ്രവാസികൾക്ക് നിത്യജീവിതത്തിലും ഭാവിയിലും ആവശ്യമായ എല്ലാം സേവനങ്ങളും ഒരു കുടക്കീഴില് അണിനിരത്തി സംഘടിപ്പിച്ച കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാറും ഖത്തല്‍ തൊഴില്‍ മന്ത്രാലയത്തിലെ ഒക്യുപേഷനല്‍ ഹെല്‍ത്ത് ആൻഡ് സേഫ്റ്റി ഡയറക്ടര്‍ യൂസഫ് അലി അബ്ദുല്‍ നൂറും ചേർന്ന് നിര്‍വഹിച്ചു.