'നല്ല ഓർമകൾ'; പുതിയ യുഎഇ വൈസ് പ്രസിഡന്റിനെ അഭിനന്ദിച്ച് പിണറായി വിജയൻ
യുഎഇ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഷെയ്ഖ് മൻസൂർ ബിൻ സയിദ് അൽ നഹ്യാന് അഭിനന്ദനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണു മുഖ്യമന്ത്രി പുതിയ വൈസ് പ്രസിഡന്റിനെ അഭിനന്ദിച്ചത്. ഷെയ്ഖ് മൻസൂറിന്റെ സ്ഥലം സന്ദർശിച്ചതും തനിക്ക് അവിടെ നിന്നു ലഭിച്ച ഊഷ്മള സ്വീകരണവും നല്ല ഓർമ്മകളാണെന്നും മുഖ്യമന്ത്രി കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.
യുഎഇയുമായുള്ള കേരളത്തിന്റെ ബന്ധം ഷെയ്ഖ് മൻസൂറിന്റെ പിന്തുണയിൽ കൂടുതൽ ദൃഢമാകുമെന്നും മുഖ്യമന്ത്രി കുറിച്ചു. ദിവസങ്ങൾക്കു മുമ്പാണ് ഫെഡറൽ സുപ്രീം കൗൺസിലിന്റെ അനുമതിയോടെ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ നേതൃപരമായ മാറ്റങ്ങൾ പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിനൊപ്പം ഷെയ്ഖ് മൻസൂറും ഇനി വൈസ് പ്രസിഡന്റ് പദവി വഹിക്കും.
ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ അബുദാബി കിരീടവകാശിയായും നിയമിച്ചിരുന്നു. ഷെയ്ഖ് മുഹമ്മദിന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്. ഷെയ്ഖ് തഹ്നൂൻ ബിൻ സഈദിനെയും ഷെയ്ഖ് ഹസ ബിൻ സയിദിനെയും അബുദാബി ഉപ ഭരണാധികാരികളായും നിയമിച്ചിരുന്നു.
Congratulations to Sheikh Mansour Bin Zayed Al Nahyan on becoming the Vice President of the UAE! I have fond memories of my visit to his palace and the warm welcome I received. Under his guidance, Kerala's historic ties with the UAE will only grow stronger. @HHMansoor pic.twitter.com/dAufUqkLPg
— Pinarayi Vijayan (@pinarayivijayan) April 4, 2023