ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ച് എസ്.എൻ.ഡി.പി.യോഗം സേവനം യുഎഇ
എസ്.എൻ.ഡി.പി.യോഗം സേവനം യുഎഇയുടെ നേതൃത്വത്തിൽ അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ തുടർച്ചയായ പതിനാലാം വർഷവും ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ചു. രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച ആചാര അനുഷ്ഠാനങ്ങൾക്ക് ശിവഗിരി മഠo തന്ത്രികൾ ശ്രീ സനൽ ശാന്തി നേതൃത്വം നൽകി. രാവിലെ 7 മണിക്ക് ഗുരുമണ്ഡപത്തിൽ സെക്രട്ടറി ശ്രീ വാചസ്പതിയും, വൈസ് ചെയർമാൻ ശ്രീ.ശ്രീധരൻ പ്രസാദും ചേർന്ന് ധർമ്മപതാക ആരോഹണം ചെയ്തു. 8 മണിക്ക് ശാരദ പൂജയും 8.30 ന് സർവൈശ്വര്യ പൂജയും നടന്നു.9.30 മുതൽ വനിതാ വിഭാഗം അംഗങ്ങൾ ഭക്തി നിർഭരമായ ഭജന ആലപിച്ചു.
സമൂഹ പ്രാർത്ഥന, കലാ സാഹിത്യ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ വിജയികളുടെ കീർത്തനങ്ങൾ, പദയാത്ര എന്നിവ തീർത്ഥാടനത്തിന്റെ ഭാഗമായിരുന്നു യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് എത്തിയ ആയിരക്കണക്കിന് ശ്രീനാരായണീയ ഭക്തർ പീതാംബരധാരികളായി പദയാത്രയിൽ പങ്കെടുത്തു.
ശ്രീ നാരായണഗുരുദേവ വിഗ്രഹം വഹിച്ചു കൊണ്ടുള്ള റിക്ഷയുമായി പദയാത്രയ്ക്ക് നേതൃത്വം നൽകിയത് ശിവഗിരി മഠം ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികളും ശ്രീമദ് ഋതംബരാനന്ദ സ്വാമികളും ആയിരുന്നു സന്യാസി വര്യന്മാർക്ക് അനുഷ്ഠാനങ്ങളുടെ ഭാഗമായി പൂർണ്ണ കുംഭം നൽകി തീർഥാടന വേദിയിലേക്ക് ആനയിച്ചു. താലപ്പൊലിയോടും ചെണ്ടമേളത്തോടെയും നാലായിരത്തിൽപരം ഭക്തർ തീർഥാടന വേദിയിലേക് ഒഴുകി എത്തി. ശ്രീനാരായണഗുരുദേവൻ്റെ ദർശനങ്ങളെ കുറിച്ചും തീർത്ഥാടന ലക്ഷ്യങ്ങളെ കുറിച്ചും ശുഭംഗാനന്ദ സ്വാമികൾ തീർഥാടന സന്ദേശം നൽകുകയുണ്ടായി. യു.എ.ഇ യിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമായി 15l പേർ അടങ്ങുന്ന ഗായക സംഘം നടത്തിയ ഭക്തിനിർഭരമായ ദൈവദശകാലാപനം വളരെ ഹൃദ്യമായിരുന്നു.തുടർന്ന് എസ്എൻഡിപി യോഗം സേവനം യുഎഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ ശ്രീ എം കെ രാജൻ്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ കൗൺസിൽ ജനറൽ ശ്രീ സതീഷ് കുമാർ ശിവൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ശുഭം ഗാനന്ദ സ്വാമികളും ഋതംബരാനന്ദ സ്വാമികളും അനുഗ്രഹ പ്രഭാഷണം നടത്തി.
യുഎഇയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ശ്രീ. സലാം പാപ്പനശ്ശേരിയ്ക്കും ശ്രീനാരായണീയ ആദർശങ്ങൾക്ക് എന്നും താങ്ങും തണലുമായി പ്രവർത്തിക്കുന്ന ശ്രീ.മാത്തുക്കുട്ടി കടോൺ, ജീയോ കെം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.പ്രദീപ് ഗോപാൽ, എസ്. എൻ.ഡി.പി യോഗം സേവനം യു.എ.ഇയുടെ ഫൈനാൻസ് കൺവീനറും അൽ ജാസ ഇലട്രിക്കൽസ് ജനറൽ മാനേജറുമായ ശ്രീ.ജെ.ആർ.സി. ബാബു എന്നിവർക്കും ശിവഗിരിയിൽ നിന്നുള്ള മഹാപ്രസാദവും പ്രശസ്തി ഫലകവും നൽകി ആദരിച്ചു.
ആസ്റ്റർ ഗ്രൂപ്പുമായി സഹകരിച്ച് സേവനം അംഗങ്ങൾക്കായി നടപ്പാക്കുന്ന 25% ചികിത്സാ ചിലവിൽ സൗജന്യം ലഭിക്കുന്ന പ്രിവിലേജ് കാർഡിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. 4000 ൽ അധികം തീർത്ഥാടകർക്ക് അന്നദാനം നല്കുകയും ചെയ്തു. ശ്രീ.നാരായണ ഗുരുദേവനെ ആസ്പദമാക്കി യു.എ.ഇ തലത്തിൽ നടത്തിയ കലാ സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. റാസൽഖൈമ ഷാർജ, അബുദാബി എന്നീ യൂണിയനുകളിൽ നിന്നുള്ള നൃത്ത ആവിഷ്കാരങ്ങൾ വളരെ ആകർഷകമായിരുന്നു.