ഉമ്മൻചാണ്ടി ജനകീയത മുഖമുദ്രയാക്കിയ അതുല്യനായ രാഷ്ട്രീയ നേതാവ് ; ജിദ്ദ ഒ ഐ സി സി
ജനങ്ങൾക്കു വേണ്ടി സമർപ്പിത ജീവിതം നയിക്കുകയും ജനകീയത മുഖമുദ്രയാക്കുകയും ചെയ്ത അതുല്യനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യനൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ഏഴ് പതിറ്റാണ്ടോളം കാലം പൊതുപ്രവർത്തന രംഗത്തു ജ്വലിച്ചുനിന്ന ഉമ്മൻചാണ്ടി നന്മയുടെയും കരുതലിന്റെയും കാരുണ്യത്തിന്റെയും ആൾരൂപമായിരുന്നു.
അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ജനസമ്പർക്ക പരിപാടി സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നെന്നും 11 ലക്ഷം ആളുകൾക്ക് 242 കോടിയുടെ വിവിധങ്ങളായ സഹായങ്ങൾ നൽകുവാൻ കഴിഞ്ഞത് ജനമനസ്സിൽ മായാതെ നിൽക്കുകയാണ്.
ഭരണാധികാരിയെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയുടെയും അചഞ്ചലമായ നിലപാടുകളുടെയും ഉറച്ച തീരുമാനങ്ങളുടെയും വിജയമാണ് വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാർട് സിറ്റി പോലുള്ള വൻകിട വികസന പദ്ധതികളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അഭിപ്രായപ്പെട്ടു.
പ്രവാസി സമൂഹത്തോട് ഏറെ അടുപ്പം പുലർത്തിയ ഉമ്മൻ ചാണ്ടി സാധാരണക്കാർക്ക് പ്രാപ്യനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നുവെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവും ഹെൽപ്പ് ഡെസ്ക് ജനറൽ കൺവീനറുമായ അലി തേക്കുതോട് പറഞ്ഞു.
കേരളത്തിന്റെ വികസന ചരിത്രത്തിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയടക്കമുള്ള വലിയ വികസന പദ്ധതികൾക്കു കേരളം കടപ്പെട്ടിരിക്കുന്നത് ഉമ്മൻചാണ്ടിയോടാണെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കള്ളക്കഥകളുണ്ടാക്കി ഉമ്മൻചാണ്ടിയെ വേട്ടയാടിയത് വിസ്മരിക്കാൻ കഴിയില്ലെന്നും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര പറഞ്ഞു.