ഉമ്മൻ ചാണ്ടി അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
അക്കാദമിക വിജയങ്ങളും പദവികളും ലഭിക്കുമ്പോൾ പ്രോത്സാഹനവും മാർഗദർശനവും കരുതലുമായി പ്രവർത്തിച്ച മാതാപിതാക്കളെയും ഗുരുക്കളെയും വിസ്മരിക്കരുതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു.ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അക്കാദമിക് എക്സലൻസ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പത്താം തരം പരീക്ഷകളിൽ ഉന്നതവിജയം നേടിയ 120ലധികം കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ സ്വാഗതം പറഞ്ഞു. ഡോ. സൗമ്യ സരിൻ വിശിഷ്ടാതിഥിയായിരുന്നു. പ്രഥമ ഉമ്മൻ ചാണ്ടി മാധ്യമ അവാർഡ് അഡ്വ. ചാണ്ടി ഉമ്മനിൽ നിന്ന് ജയ് ഹിന്ദ് ടി.വി മിഡിലീസ്റ്റ് ഹെഡ് എൽവിസ് ചുമ്മാർ ഏറ്റുവാങ്ങി.
ബിസിനസ് മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ചവരെയും കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുൻ പ്രസിഡന്റ് കെ.സി. അബൂബക്കറിനെയും വിവിധ സ്കൂളുകളിലെ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
ഡോ. സൗമ്യ സരിൻ, ഇൻകാസ് യു.എ.ഇ പ്രസിഡന്റ് സുനിൽ അസീസ്, ഡോ. പുത്തൂർ റഹ്മാൻ, യു.എ.ഇ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സഞ്ജു പിള്ള, അശോക് കുമാർ എന്നിവരും പുന്നക്കൽ മുഹമ്മദാലി, ഷാജി കാസ്മി, ബിജോയ് ഇഞ്ചിപ്പറമ്പിൽ, ലെസ്റ്റിൻ ഉണ്ണി, നാസർ പാണ്ടിക്കാട് എന്നിവരും ആശംസ അറിയിച്ചു. ജിതീഷ് നമ്പറോൻ, ഉസ്മാൻ ചൂരക്കോട്, അനീഷ് ആന്റണി, അജീഷ് പാലക്കാട്, അയൂബ് തൃശൂർ, മോനി ചാക്കോ, നാസർ പറമ്പിൽ, അനന്തൻ പിള്ള എന്നിവർ നേതൃത്വം നൽകി.