മീം കൾച്ചറൽ ഫെസ്റ്റ്; കോൽക്കളിയിൽ എടരിക്കോട് സംഘത്തിന് ഒന്നാം സ്ഥാനം
യു.എ.ഇയിലെ ഏറ്റവും മികച്ച കോൽക്കളി സംഘത്തെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ തുടർച്ചയായ രണ്ടാം തവണയും, ദുബായിലെ എടരിക്കോട് കോൽക്കളി സംഘം ഒന്നാം സ്ഥാനം നേടി . ദുബായ് അൽ ഖിസൈസിൽ നടന്ന മീം കൾച്ചറൽ ഫെസ്റ്റിലാണ് എടരിക്കോട് സംഘം വിജയികളായത്
ആവേശകരമായ മത്സരത്തിൽ കോൽക്കളിയുടെ ആചാര്യൻ ടി.പി ആലിക്കുട്ടി ഗുരുക്കളുടെ വരികൾക്കൊത്താണ് എടരിക്കോട് തുടക്കം കുറിച്ചത്. പരമ്പരാഗത കോൽക്കളി രീതിയിലുള്ള ഒന്നടിരണ്ട് ,മുന്നോട്ട് ഒഴിക്കൽ മൂന്ന്,15 പൂട്ടിൽ ആറ് ഒറ്റ, ഒഴിച്ചെടിമുട്ട് മൂന്ന് തുടങ്ങിയവ ചടുല താളത്തിൽ വേദിയിൽ അവതരിപ്പിച്ചാണ് സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആലികുട്ടി ഗുരുക്കൾക്കളുടെ ഗാനങ്ങൾക്ക് പുറമേ മഹാകവി മോയിൻകുട്ടി വൈദ്യരുടെ രചനകൊപ്പവും എടരിക്കോട് ചുവടുവെച്ചു
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി യുഎഇ- യിൽ മാപ്പിള കലകളിൽ സജീവസാന്നിധ്യമാണ് ഈ സംഘം . ഇതിനകം 500- ലധികം വേദികളിൽ വിവിധ മാപ്പിളകലാരൂപങ്ങൾ അവതരിപ്പിച്ച ടീം ദുബായിൽ നടന്ന വേൾഡ് എക്സ്പോ 2020യിൽ രണ്ട് തവണയാണ് കളി അവതരിപ്പിച്ചത്.വർഷങ്ങളായി വിവിധ എമിറേറ്റുകളിലെ യുഎഇ ദേശീയ ദിന ആഘോഷങ്ങളിൽ ഇവർ സജീവമാണ്.ഏഷ്യയിലെ ഏറ്റവും വലിയ, കലോത്സവമായ- കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഏറ്റവും കൂടുതൽ തവണ കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയത് എടരിക്കോടായിരുന്നു.സബീബ് എടരിക്കോട്, വി കെ ജലീൽ എന്നിവരുടെ നേതൃത്വത്തിൽ ഫവാസ്,ശിഹാബ്,ആസിഫ്,നിസാം,ആരിഫ്,മുർഷിദ്,ഷാനിബ്,
ഇഹ്സാൻ,അജ്മൽ,ജുനൈദ്,ഫാരിസ്,മഹ്‌റൂഫ്,ഷംനാദ് എന്നിവരാണ് സംഘത്തിൽ ഉള്ളത്.ടി പി ആലിക്കുട്ടി ഗുരുക്കളുടെ പ്രധാന ശിഷ്യൻ, അസീസ് മണമ്മലാണ് പരിശീലകൻ