അന്താരാഷ്ട്ര സ്റ്റാമ്പ് പ്രദർശനത്തിൽ വെള്ളി മെഡൽ നേട്ടവുമായി മലയാളി
അന്താരാഷ്ട്ര സ്റ്റാമ്പ് പ്രദർശനമത്സരത്തിൽ വെള്ളി മെഡൽ തിളക്കവുമായി വീണ്ടും മലയാളി പ്രവാസി. യു.എ.ഇയിൽ താമസിക്കുന്ന കണ്ണൂർ തവക്കര സ്വദേശി പി.സി. രാമചന്ദ്രനാണ് ഫെബ്രുവരി 28 മുതൽ മാർച്ച് മൂന്നുവരെ എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ നടത്തിയ എക്സിബിഷനിൽ വെള്ളിത്തിളക്കവുമായി മലയാളിയുടെ അഭിമാനമായത്. യു.എ.ഇയുടെ പിറവി മുതലുള്ള ചരിത്രം പറയുന്ന സ്റ്റാമ്പുകളുടെ പ്രദർശനമാണ് 80 ഷീറ്റുകൾ അടങ്ങിയ അഞ്ച് ഫ്രെയിമുകളിലായി ഇദ്ദേഹം ലോകത്തിന് മുമ്പിൽ തുറന്നിട്ടത്.
പാരമ്പര്യ വിഭാഗത്തിൽ ഇദ്ദേഹത്തിന് 70 പോയന്റുകൾ ലഭിച്ചു. പ്രദർശനത്തിൽ പങ്കെടുക്കുന്ന ഏക മലയാളിയും ഇന്ത്യക്കാരനുമാണ് രാമചന്ദ്രൻ. ഇൻവൈറ്റി ക്ലാസ്, പോസ്റ്റൽ ഹിസ്റ്ററി, പേസ്റ്റൽ സ്റ്റേഷനറി, തീമാറ്റിക്, പിക്ച്ചർ പോസ്റ്റർ കാർഡ്, ലിറ്ററേച്ചർ, യൂത്ത്, പാരമ്പര്യം എന്നീ വിഭാഗങ്ങളിൽ നടന്ന പ്രദർശനത്തിൽ സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഈജിപ്ത്, ലെബനാൻ, ചൈന, യു.എ.ഇ, ഖത്തർ, സിംഗപ്പുർ എന്നീ രാജ്യങ്ങളിൽ നിന്ന് പ്രശസ്തരായ ഫിലാറ്റലിക് പ്രഫഷനലുകളാണ് മാറ്റുരച്ചത്.
യു.എ.ഇ രൂപവത്കരണത്തിന് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് കാലത്ത് പ്രചാരത്തിലുണ്ടായ സ്റ്റാമ്പുകൾ മുതൽ 1964ൽ വ്യത്യസ്ത എമിറേറ്റുകളായി മാറുന്ന ഘട്ടത്തിലെ സ്റ്റാമ്പുകൾ വരെ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. 1972 യു.എ.ഇ രൂപവത്കൃതമായ ശേഷം ഇറക്കിയ സ്റ്റാമ്പുകളും 2024 വരെ ഇറക്കിയ അപൂർവ സ്റ്റാമ്പുകളും രാമചന്ദ്രന്റെ ശേഖരത്തിലുണ്ട്. കഴിഞ്ഞ വർഷം ഷാർജയിൽ നടന്ന അന്താരാഷ്ട്ര എക്സിബിഷനിലും രാമചന്ദ്രന് വെള്ളിമെഡൽ ലഭിച്ചിരുന്നു. ട്രാവൻകൂറിന്റെ ചരിത്രം പറയുന്ന സ്റ്റാമ്പുകളായിരുന്നു അന്ന് പ്രദർശനത്തിനെത്തിച്ചിരുന്നത്. 45 വർഷമായി സ്റ്റാമ്പ് ശേഖരണ രംഗത്ത് സജീവമായ രാമചന്ദ്രൻ ദുബൈയിൽ വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ ഫിനാൻസ് മാനേജറായി വിരമിച്ചയാളാണ്. കുടുംബത്തോടൊപ്പം കറാമയിലാണ് താമസം.