മലയാളം മിഷൻ പഠനോത്സവം സംഘടിപ്പിച്ചു
മലയാളം മിഷൻ ദുബൈ ചാപ്റ്ററിൽ കണിക്കൊന്ന-സൂര്യകാന്തി കോഴ്സുകളുടെ പഠനോത്സവം സംഘടിപ്പിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അക്ഷര മാതൃകകൾ കൈയിലേന്തി നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്ത വർണാഭമായ ഘോഷയാത്രയോടെയാണ് പഠനോത്സവം ആരംഭിച്ചത്. ഗൾഫ് മോഡൽ സ്കൂളിൽ നടന്ന പഠനോത്സവത്തിന്റെ ഉദ്ഘാടനം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഓൺലൈനായി നിർവഹിച്ചു. ഗൾഫ് മോഡൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഉഷ ഷിനോജ് മുഖ്യാതിഥിയായിരുന്നു. മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷത വഹിച്ചു.
മലയാളം മിഷൻ ദുബൈ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, ഓർമ മുൻ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, യുവകലാസാഹിതി ദുബൈ സെക്രട്ടറി റോയ് നെല്ലിക്കോട്, മലയാളം മിഷൻ ദുബൈ ചാപ്റ്റർ സെക്രട്ടറി ദിലീപ് സി.എൻ.എൻ, വൈസ് പ്രസിഡന്റ് സർഗ റോയ് എന്നിവർ ആശംസകൾ നേർന്നു. കൺവീനർ ഫിറോസിയ സ്വാഗതവും ജോയന്റ് സെക്രട്ടറി ബാബു എം.സി നന്ദിയും രേഖപ്പെടുത്തി. മേഖല കോ-ഓഡിനേറ്റർമാർ സജി പി.ദേവ്, സുനേഷ് കുമാർ, ഐ.ടി കോഓഡിനേറ്റർ ഷംസി, അക്കാദമിക് കോ-ഓഡിനേറ്റർ സ്വപ്ന സജി, നോൺ-അക്കാദമിക് കോ-ഓഡിനേറ്റർമാരായ റിംന, സ്മിത മേനോൻ, ജോയന്റ് കൺവീനർമാരായ എൻസി, നജീബ്, എക്സിക്യൂട്ടിവ് അംഗം അൻവർ ഷാഹി, ബർദുബൈ മേഖല ജോയന്റ് കോഓഡിനേറ്റർ അനിൽ, നഹ്ദ ജോയന്റ് കോഓഡിനേറ്റർ ഷീന, ഖിസൈസ് ജോയന്റ് കോ-ഓഡിനേറ്റർ പ്രിയ എന്നിവർ നേതൃത്വം നൽകി. കണിക്കൊന്ന, സൂര്യകാന്തി വിഭാഗങ്ങളിലായി ഇരുനൂറോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ പരിപാടി നീണ്ടുനിന്നു.