കേരളോത്സവം 2023 ഒരുക്കങ്ങൾ തുടങ്ങി
UAE ദേശീയദിന ആഘോഷത്തിന്റെ ഭാഗമായി നടത്തപെടാറുള്ള പ്രവാസത്തിലെ നാട്ടുത്സവമായ കേരളോത്സവം 2023നുള്ള ഒരുക്കങ്ങൾ സമയക്രമമായി നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സല്യൂട്ടിങ് UAE എന്ന മുദ്രാവാക്യത്തോടെ ദേശീയ ദിനത്തിൽ പോറ്റമ്മനാടിനെ അഭിവാദ്യം ചെയ്തുകൊണ്ടാണ് കേരളോത്സവം നടത്തിവരുന്നത്.ഡിസംബർ1,2 തീയതികളിൽ വൈകിട്ട് 5 മണിമുതൽ ദുബായ് അൽഖുസൈസ് ലുലു ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള ക്രെസെന്റ് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിലാണ് ഉത്സവം അരങ്ങേറുന്നത്.
കേരളോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം കേരളാ സർക്കാർ ഖാദി & ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നിർവഹിച്ചു. രക്ഷാധികാരി എൻ കെ കുഞ്ഞഹമ്മദ് , ലോകകേരള സഭ പ്രത്യേക ക്ഷണിതാവ് രാജൻ മാഹി , ജനറൽ കൺവീനർ കെ വി സജീവൻ , പരസ്യ വിഭാഗം കൺവീനർ റിയാസ് സി കെ , ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ , പ്രസിഡണ്ട് ഷിജു ബഷീർ , വൈസ് പ്രസിഡണ്ട് ജയപ്രകാശ് , ട്രഷറർ സന്തോഷ് മാടാരി , സെക്രട്ടറിമാരായ ബിജു വാസുദേവൻ , ലത , ജോയിന്റ് ട്രഷറർ പ്രജോഷ് , സംഘാടക സമിതി അംഗങ്ങൾ ആയ അനീഷ് മണ്ണാർക്കാട് , മോഹനൻ മൊറാഴ , CC അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
ഡിസംബർ 2 ന് രണ്ടാം ദിനത്തിൽ പ്രശസ്‌ത ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ, അനന്തു ഗോപി എന്നിവർ നയിക്കുന്ന ഗാനമേളയും ആദ്യ ദിനത്തിൽ പ്രശസ്ത നാടൻപാട്ടുകലാകാരി പ്രസീത ചാലക്കുടിയുടെ പതി ഫോക് തിയ്യറ്ററിന്റെ പരിപാടിയും അരങ്ങേറും. നാടൻ കടകളും,ചന്തകളും, പുസ്തകശാലകളും, തെയ്യവും, കാവടിയും,ചെണ്ടമേളവും,ഘോഷയാത്ര യുമടക്കം നാട്ടുത്സവത്തിന്റെ എല്ലാ ചേരുവകളും അടങ്ങുന്ന ഉത്സവ പറമ്പിലേക്ക് മുൻ വർഷങ്ങളിലെതുപോലെ ഈ വർഷവും പതിനായിരങ്ങൾ ഒഴുകിയെത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.