ഖത്തറിൽ ഫോട്ടോഗ്രഫി ദിനാഘോഷവുമായി ഐ സി സി
ഇന്ത്യൻ കൾചറൽ സെന്ററിനു (ഐ.സി.സി) കീഴിലെ ഖത്തറിലെ ഇന്ത്യൻ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫോട്ടോഗ്രഫി ക്ലബ് നേതൃത്വത്തിൽ ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നു. ഫോട്ടോഗ്രഫി മത്സരവും, ഫോട്ടോ പ്രദർശനവും ശിൽപശാലയും, മുൻകാല ഫോട്ടോഗ്രാഫർമാർക്കുള്ള ആദരവും ഉൾപ്പെടെ പരിപാടികളോടെ ഡിസംബർ 13, 14 തീയതികളിലായി വാർഷികദിനാഘോഷം നടക്കുമെന്ന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠനും ഫോട്ടോഗ്രഫി ക്ലബ് പ്രസിഡന്റ് വിഷ്ണു ഗോപാലും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും മാറ്റുരക്കാവുന്ന ഫോട്ടോഗ്രഫി മത്സരം രണ്ടു വിഭാഗത്തിലായി നടക്കും. ഖത്തറിന്റെ വാസ്തുവിദ്യ വിസ്മയം മുതൽ നഗരസൗന്ദര്യവും, കായിക മികവും, ജീവിതവുമെല്ലാം ഉൾക്കൊള്ളുന്ന ‘എക്സ്പ്ലോറിങ് ഖത്തർ’ വിഭാഗത്തിലും, ബാക് ടു നേച്വർ എന്ന വിഭാഗത്തിലുമായാണ് മത്സരങ്ങൾ. ലോകത്തിന്റെ ഏത് ഭാഗങ്ങളിൽനിന്ന് പകർത്തിയ പ്രകൃതി ദൃശ്യങ്ങളും ഈ വിഭാഗത്തിൽ സമർപ്പിക്കാം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകും.ഒപ്പം, വിവിധ വിഭാഗങ്ങളിലെ എൻട്രികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരവും സമ്മാനിക്കും. 5000 റിയാലാണ് സമ്മാനത്തുക.
നവംബർ 30ന് മുമ്പ് മത്സരങ്ങൾക്കുള്ള എൻട്രികൾ സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് എൻട്രി ഫീസ് ഇല്ലാതെ മത്സരത്തിൽ പങ്കെടുക്കാം.
ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഖത്തറിലെ 150ഓളം ഇന്ത്യൻ ഫോട്ടോഗ്രാഫർമാർ പകർത്തിയ ദൃശ്യങ്ങളുടെ പ്രദർശനവും ഒരുക്കും. ഡിസംബർ 13ന് വൈകുന്നേരം ആറ് മുതൽ ഐ.സി.സി അബൂഹമൂർ ഹാളിലാണ് പ്രദർശനം.