രോഗികളെ പിന്തുണക്കുന്നതിനായി "റഹ്മ 2024" ക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബൈ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി
തിരൂരങ്ങാടി മണ്ഡലത്തിലെ നാല് പഞ്ചായത്തിലെയും 2 മുൻസിപ്പാലിറ്റിയേയും നിർധരായ രോഗികളെ പിന്തുണക്കുന്നതിനുള്ള 'റഹ്‌മ 2024' ക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബൈയിലെ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് മണ്ഡലത്തിലെ അർഹരായ രോഗികളെ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നത്. ഉദ്യമത്തിന്റെ ബ്രോഷർ പ്രകാശനം ജീവകാരുണ്യ പ്രവർത്തകനും വൈസ് വെഞ്ചേഴ്‌സ് ഗ്രുപ്പ് ചെയർമാനുമായ
അയൂബ് കല്ലട നിർവഹിച്ചു. പി കെ അൻവർ നഹാ ,വി സി സൈതലവി, ജബ്ബാർ ക്ലാരി, സാദിഖ് തിരൂരങ്ങാടി, അസീസ് മണമ്മൽ,വാഹിദ് ദുബൈ, ഇർഷാദ് കുണ്ടൂർ, വി കെ ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.
കാരുണ്യം എന്ന് അർത്ഥമാക്കുന്ന 'റഹ്മ' പദ്ധതി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ റംസാൻ റിലീഫിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. സഹായമനസ്കരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'റഹ്മ 2024' മണ്ഡലത്തിലെ നിർധന രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.പാവപ്പെട്ടവർക്കുള്ള വീട് നിർമ്മാണങ്ങൾ, കുടിവെള്ള പദ്ധതികൾ, ചികിത്സ ഉപകരണ വിതരണം അടക്കം നിരവധി ജീവകാരുണ്യ- ക്ഷേമപ്രവർത്തനങ്ങൾ ദുബൈ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടിൽ മുൻപും നടപ്പിലാക്കിയിട്ടുണ്ടായിരുന്നു.