ആർ ഹരികുമാറിന്റെ ആത്മകഥ 'ഹരികഥ'യുടെ പ്രകാശനം നിർവഹിച്ച് സംവിധായകൻ കമൽ
സിനിമകളിൽ പണക്കാരും വ്യവസായികളുമായ കഥാപാത്രങ്ങളെല്ലാം പൊതുവേ വില്ലന്മാരായിരിക്കുമെന്നും ഇങ്ങനെ ചിത്രീകരിക്കുന്നത് പാപവും പാതകവുമാണെന്നും ചലച്ചിത്ര സംവിധായകൻ കമൽ. കഥകളുടെ ചരിത്രത്തിൽ നിന്നായിരിക്കാം ഇത്തരമൊരു രീതി വന്നിരിക്കുക.എന്നാൽ, ഞാൻ പരിചയപ്പെട്ട സമ്പന്നരിൽ പ്രത്യേകിച്ച് ഗൾഫിലുള്ള വ്യവസായികളെല്ലാവരും വളരെ നല്ല മനുഷ്യസ്നേഹിയും എല്ലാവരുമായും സൗഹൃദം സ്ഥാപിക്കുന്നവരുമാണെന്നും കമൽ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ബാൾറൂമിൽ പ്രമുഖ മലയാളി വ്യവസായി ആർ. ഹരികുമാറിന്റെ ആത്മകഥയായ ഹരികഥ-ലോഹംകൊണ്ട് ലോകം നിർമിച്ച കഥയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.നടൻ സൈജു കുറുപ്പ് പുസ്തകം ഏറ്റുവാങ്ങി.
കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ പുസ്തകം പരിചയപ്പെടുത്തി. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡി.ഐ.പി ദുബൈ ഇൻവെസ്റ്റ്മെന്റ് റിയൽ എസ്റ്റേറ്റ് ജനറൽ മാനേജർ ഉബൈദ് മുഹമ്മദ് അൽ സലാമി, അഡ്വ. രാജൻപിള്ള, ആർ. ചന്ദ്രശേഖരൻ, അഡ്വ. വൈ.എ. റഹീം, കലാ ഹരികുമാർ, ഡോ. ലക്ഷ്മി ഹരികുമാർ, ഡോ. സൗമ്യ ഹരികുമാർ എന്നിവർ സംസാരിച്ചു.