ഭരത് മുരളി നാടകോത്സവം; ജീവിത ഗന്ധിയായ കഥപറഞ്ഞ് ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും
അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന്റെ ഏഴാം ദിനം ഇന്ത്യൻ സോഷ്യൽ സെന്റർ അലൈൻ അവതരിപ്പിച്ച ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും എന്ന നാടകം ശ്രദ്ധേയമായി. ലളിതമായ സംവിധാനവും ദൃശ്യ ചാരുതയും നാടകത്തെ മികവുറ്റതാക്കി.
പുരുഷത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അധികാരമണ്ഡലം അരക്കിട്ടുറപ്പിക്കുക എന്നതോ സ്ത്രീയെ തന്റെ ചൊൽപ്പടിക്ക് നിർത്തുക എന്നതോ ഒന്നുമല്ല. മറിച്ച് അവളുടെ സ്നേഹത്തിന്റെ ആഴവും അർത്ഥവും ഒക്കെ അറിഞ്ഞ് ആദരിക്കുക എന്നതാണ്. സ്ത്രീയുടെ സ്വാതന്ത്ര്യവും സ്വപ്‌നങ്ങളും സ്വാഭാവികതയും സ്നേഹത്തിന്റെ മനോഹരമായ ആവിഷ്‌ക്കാരങ്ങളായി കാണുക എന്നത് പുരുഷത്വത്തിന്റെ പൂർണ്ണതയാണ്. സ്വന്തം മനോസാമ്രാജ്യത്തെ വിപുലപ്പെടുത്താൻ ഒരു സ്ത്രീ തീരുമാനിച്ചാൽ പിന്നെ ഒറ്റ ശക്തിക്കും തടയാനൊക്കില്ല എന്നും നാടകം പറയുന്നു.
ആദിത്യ പ്രകാശ്, നൗഷാദ് വളാഞ്ചേരി, ബൈജു പട്ടാളി, ഉല്ലാസ് തറയിൽ, ബാബൂസ് ചന്ദനക്കാവ്, ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജോസ്‌കോശി (പ്രകാശവിതാനം) ക്ലിന്റ് പവിത്രൻ ( ചമയം) മിഥുൻ മലയാളം ( സംഗീതം) ജിനേഷ് അമ്പല്ലൂർ( രംഗസജ്ജീകരണം ) എന്നിവ നിർവ്വഹിച്ചു.