അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ-ഇന്ത്യ ഫെസ്റ്റിവലിന് തുടക്കം
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ അബൂദബി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അമർനാഥ് ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ മുസല്ലം ബിൻഹാം മുഖ്യാതിഥിയായിരുന്നു. മുഴുവൻ ഇന്ത്യൻ പ്രവാസ സമൂഹത്തെയും ഉൾക്കൊള്ളുന്ന ഫെസ്റ്റിവലിൽ വിവിധ സംസ്ഥാനങ്ങളെയും ഭാഷകളെയും കോർത്തിണക്കിയുള്ള വിവിധ കലാ സാംസ്കാരിക പ്രകടനങ്ങൾ, വിനോദ പരിപാടികൾ എന്നിവ മൂന്നു രാത്രികളിലായി വേദിയിൽ നടക്കും.
ആഘോഷ ദിനങ്ങളിൽ വൈകീട്ട് ആറു മുതൽ 11 മണിവരെ പ്രവർത്തിക്കുന്ന വിവിധ വിപണന സ്റ്റാളുകൾ, വിവിധ വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, വനിത കൂട്ടായ്മകളുടെ വൈവിധ്യമാർന്ന പാചക വിഭവങ്ങളുടെ സ്റ്റാളുകൾ തുടങ്ങിയവ ഫെസ്റ്റിന് മികവേകും. ഐ.എസ്.സി പ്രസിഡന്റ് ടി.വി.എൻ കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മണികണ്ഠൻ പി.പി. സ്വാഗതം പറഞ്ഞു.
അസി. ജനറൽ സെക്രട്ടറി ഖാലിദ് പാഷ നന്ദിയും പറഞ്ഞു. ചടങ്ങിൽ നാട്ടിലേക്ക് തിരിക്കുന്ന അഷ്റഫ് പള്ളിക്കണ്ടത്തിന് യാത്രയയപ്പ് നൽകി. സമ്മാന കൂപ്പണുകളിൽ ഒന്നാം സമ്മാനമായ കാർ ഉൾപ്പെടെ 25 ആകർഷകമായ സമ്മാനങ്ങളും മേളയിൽ വിതരണം ചെയ്യും. കോവിഡിനു ശേഷം പുനരാരംഭിക്കുന്ന ഇന്ത്യ ഫെസ്റ്റിവലിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും.