അബുദാബി കെഎംസിസി ട്രഷറർ സി എച്ച് അസ്‌ലം അന്തരിച്ചു
അബുദാബി കെഎംസിസി ട്രഷററും വ്യവസായ പ്രമുഖനും ജീവ കാരുണ്യ പ്രവർത്തകനുമായ കാഞ്ഞങ്ങാട് മുറിയാനാവിയിലെ സി എച്ച് അസ്‌ലം (50)അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. നാട്ടിലും ഗൾഫിലും ഏറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്ന അസ്ലമിന് അബുദാബി ദുബായ് അൽഐൻ ഷാർജ ഉൾപ്പെടെയിടങ്ങളിലും നാട്ടിലും നിരവധി സ്ഥാപനങ്ങളുണ്ട്.
അബുദാബി കെഎംസിസി മുൻ വൈസ് പ്രസിഡന്റും കാഞ്ഞങ്ങാട് സി എച്ച് സെന്റർ ട്രഷററുമായ സി എച്ച് അഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ് അസ്ലം. കാഞ്ഞങ്ങാട് സി എച്ച് സെന്റർ ചെയർമാനും വ്യവസായ പ്രമുഖനുമായ തായൽ അബൂബക്കർ ഹാജിയുടെ മകൾ നസീറയാണ് ഭാര്യ. വിദ്യാർത്ഥികളായ മഹ്‌റ(19)നൂരിയ (15)മുഹമ്മദ് (10)എന്നിവർ മക്കളാണ്. കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ നുസൈബ് അഹമ്മദ്, അബുദാബിയിലെ നിസാർ അഹമ്മദ് ,ആജിഷ എന്നിവർ സഹോദരങ്ങളാണ്.
എം എസ് എഫിലൂടെ പൊതു രംഗത്ത് വന്ന അസ്‌ലം അൽ ഐൻ കാസർഗോഡ് ജില്ലാ കെഎംസിസി പ്രസിഡന്റ്, കാഞ്ഞങ്ങാട് സി എച്ച് സെന്റർ യു എ ഇ കമ്മിറ്റി വർക്കിംഗ് ചെയർമാൻ, ബാവ നഗർ സ്വദക്ക ചാരിറ്റബിൾ, ലൈവ് കാഞ്ഞങ്ങാട് ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി സംഘടനകളിൽ പ്രവർത്തിച്ചു. യു എ ഇ യിലെ പ്രശസ്തമായ അൽ ഫിർദൗസ് ഒയാസിസ് ജനറൽ ട്രാൻസ്‌പോർട് കമ്പനി എം ഡി കൂടിയായിരുന്നു.
അസ്ലമിന്റെ ആകസ്മികമായ നിര്യാണത്തിൽ യു എ ഇ കെഎംസിസി യും അബുദാബി കെഎംസിസി യും ജില്ലാ മണ്ഡലം ഘടകങ്ങളുമെല്ലാം അനുശോചിച്ചു. അബുദാബി കെഎംസിസി പരിപാടികൾ മാറ്റി വെച്ച് ഒരാഴ്ച്ച ദുഃഖചരണം നടത്താനും തീരുമാനിച്ചു. ബാവ നഗറിലെ ദാറുൽ ഫിർദൗസ് മൻസിലിലുള്ള മയ്യത്ത് ഇന്ന് വൈകിട്ട് നാല് മണിയോടെ ബാവ നഗർ മസ്ജിദിൽ നടക്കുന്ന മയ്യത്ത് നിസ്കാര ശേഷം മറവ് ചെയ്യും. അസ്ലമിന്റെ മരണ വിവര മറിഞ്ഞ് എൻ എ നെല്ലിക്കുന്ന് എം എൽ എ ഉൾപ്പെടെ നാനാ ഭാഗങ്ങളിൽ നിന്നും വീട്ടിലേക്ക് ജനം എത്തികൊണ്ടിരിക്കുകയാണ്.