അൽ ഐനിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചു
യു.എ.ഇ.യുടെ പൂന്തോട്ട നഗരമായ അൽ ഐനിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശമായ സനയ്യക്കടുത്ത അൽ അജയാസിലുള്ള ഹൈപ്പർ മാർക്കറ്റ് യു.എ.ഇ. ഫെഡറൽ നാഷണൽ കൗൺസിൽ മുൻ അംഗം ശൈഖ് സാലെ ബൽറക്കാദ് അൽ അമേരി ഉദ്ഘാടനം ചെയ്തു.
40,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്‌സ് വിഭാഗം, സ്റ്റേഷനറി തുടങ്ങിയ സെക്ഷനുകളുമുണ്ട്. ലുലു ഗ്രൂപ്പിന്റെ അൽ ഐനിലെ പതിനാറാമത്തെ ഹൈപ്പർ മാർക്കറ്റാണിത്.
വിവിധങ്ങളായ ജനസമൂഹങ്ങളെ സേവിക്കുന്നതിനായി ലുലു ഗ്രൂപ്പ് ആരംഭിച്ച ഹൈപ്പർ മാർക്കറ്റ് പ്രദേശത്ത് താമസിക്കുന്നവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കും ഉപകാരപ്രദമായിരിക്കുമെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി പറഞ്ഞു.
അടുത്ത വർഷാവസാനത്തോടെ അൽ ഐനിൽ മൂന്ന് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കും. ഉൾപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കും ദീർഘ ദൂരം യാത്ര ചെയ്യാതെ വേണ്ടതെല്ലാം വാങ്ങാനാവുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. യു എ ഇ ഭരണാധികാരികൾ നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവർ സംബന്ധിച്ചു.