Begin typing your search...

ഓർമ കേരളോത്സവം 2023 ദുബായിൽ; സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥി

ഓർമ കേരളോത്സവം 2023 ദുബായിൽ; സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 2, 3 തീയ്യതികളിൽ ഖിസൈസ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന 'ഓർമ കേരളോത്സവം 2023' ന്റെ രണ്ടാം ദിനത്തിൽ സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥിയാകും. 3ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സ്പീക്കർക്കൊപ്പം യു എ ഇ സർക്കാർ പ്രതിനിധി, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി എന്നിവരെ കൂടാതെ സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകളിലായി ചുമതലയുള്ള പ്രവാസി പ്രതിനിധികളും പങ്കെടുക്കും. തുടർന്ന് ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ, അനന്തു ഗോപി തുടങ്ങിയവർ നേതൃത്വം നൽകുന്ന സംഗീത സദസ്സും ഒരുക്കിയിട്ടുണ്ട്. ഈ രണ്ടു ദിവസങ്ങളിലും വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടിന് വൈകിട്ട് നടി റിമ കല്ലിങ്കൽ ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം നിർവഹിക്കും. ഗായിക പ്രസീത ചാലക്കുടിയും സംഘവും സംഗീത നിശയൊരുക്കും.

കേരളീയ ഗ്രാമോത്സവത്തിന്റെ തനത് അനുഭവങ്ങളെ പ്രവാസ മണ്ണിൽ പുനരാവിഷ്കരിച്ചുകൊണ്ടാണ് ഓർമ കേരളോത്സവം ഇത്തവണയും ഒരുങ്ങിയിരിക്കുന്നത്. 70 ലേറെ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ശിങ്കാരി- പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ ആന, തെയ്യം, കരകാട്ടം, കാവടിയാട്ടം തുടങ്ങിയവ കലാരൂപങ്ങളും അണിനിരക്കും. തെരുവ് നാടകങ്ങൾ, കളരിപ്പയറ്റ്, തിരുവാതിര, ഒപ്പന, മാർഗ്ഗംകളി തുടങ്ങിയ നൃത്ത- കലാരൂപങ്ങൾ, സംഗീത ശിൽപം, എന്നിവയ്ക്കൊപ്പം ഒരുക്കുന്ന നാടൻ ഭക്ഷണ ശാലകൾ, തട്ടുകടകൾ, മറ്റ് ചെറുകിട വില്പനശാലകൾ എന്നിവയും പരിപാടിക്ക് ഉത്സവഛായ നൽകും. പുസ്തകശാല, സാഹിത്യ സദസ്സ്, കവിയരങ്ങ്, എഴുത്തു സംവാദങ്ങൾ, പ്രശ്നോത്തരികൾ, യു എ ഇ യിലെ ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന, കേരളത്തിന്റെ ചരിത്രവും പോരാട്ടത്തിന്റെ നാൾവഴികളും ഉൾകൊള്ളുന്ന ചരിത്ര - പുരാവസ്തു പ്രദർശനങ്ങൾ എന്നിവയുമുണ്ടായിരിക്കും.

പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകുവാനുമായി നോർക്ക, പ്രവാസി ക്ഷേമനിധി, കെഎസ് എഫ് ഇ, ദുബായ് മലയാളം മിഷൻ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകൾ എന്നിവയും ഉത്സവപ്പറമ്പിൽ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ദുബായ് മലയാളം മിഷനിലൂടെ അക്ഷരം പഠിക്കുന്ന കുട്ടികൾക്കും ഒപ്പം പുതിയതായി ചേരാനാഗ്രഹിക്കുന്ന കുട്ടികൾക്കും അവരുടെ സർഗവാസനകൾ പ്രദർശിപ്പിക്കാനുള്ള അവസരം, പുതിയ കുട്ടികൾക്കുള്ള റജിസ്ട്രേഷൻ സൗകര്യവും ഉണ്ടാകും. ദുബായ് മലയാളികളുടെ ഏറ്റവും വലിയ നാട്ടുത്സവമായി ഒരുങ്ങുന്ന ഓർമ കേരളോത്സവ നഗരിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടക സമിതി ഭാരവാഹികളായ ഒ. വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, സജീവൻ കെ. വി, പ്രദീപ് തോപ്പിൽ, ഷിജു ബഷീർ, എന്നിവർ അറിയിച്ചു.

WEB DESK
Next Story
Share it