രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസും, പ്രദർശനവും സമാപിച്ചു
രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസും, പ്രദർശനവും സമാപിച്ചു. ഇന്ത്യൻ പാരമ്പര്യ ചികിത്സ രീതികളായ ആയുർവേദ, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമാക്കി നടത്തിയ പരിപാടി ദുബൈ വേൾഡ് ട്രേഡ് സെൻററിലെ ആൽ മക്തൂം ഹാളിലാണ് സംഘടിപ്പിച്ചത്.
മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടിയിൽ ഇരുപത്തിയഞ്ചോളം വിദേശ രാജ്യങ്ങളുടെ 1200ഓളം പ്രതിനിധികൾ പങ്കെടുത്തു. കോൺഫറൻസിനോടനുബന്ധിച്ച് ഒരുക്കിയ സൗജന്യ എക്‌സിബിഷൻ യുഎഇയിൽ നിന്നുളള പതിനായിരക്കണക്കിന് ആളുകൾ സന്ദർശിച്ചുവെന്ന് ആയുഷ് കോൺഫറൻസിന്റെ സെക്രട്ടറിയും കോ ചെയറുമായ ഡോ. ശ്രീലേഖ വിനോദ് പറഞ്ഞു.
വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾക്കുള്ള ഫലപ്രദവുമായ ആരോഗ്യ പരിരക്ഷാ സംവിധാനമായി ആയുഷിനെ അവതരിപ്പിക്കുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻറെ പിന്തുണയോടെ ദുബൈ ഇന്ത്യൻ കോൺസുലേറ്റും സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.