വാർത്തകൾ ഒറ്റ നോട്ടത്തിൽ
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂരനഗരിയെ ആവേശത്തിലാറാടിച്ച് പുലികളി പുരോഗമിക്കുന്നു. മഹാമാരി ഉണ്ടാക്കിയ ഇടവേളയുണ്ടായെങ്കിലും പഴയതിനെ വെല്ലുന്ന മാറ്റോടെയാണ് പുലികൾ തൃശൂർ നഗരത്തെ കീഴടക്കിയത്. പൂങ്കുന്നം കാനാട്ടുകര അയ്യന്തോൾ വിയ്യൂർ സെന്റർ ശക്തൻ പുലികളി സംഘം എന്നീ അഞ്ച് ടീമുകളാണ് ഇക്കുറി ചുവട് വയ്ക്കുന്നത്. അഞ്ചു സംഘങ്ങളിലായി ഇരുന്നൂറ്റിയൻപതിലേറെ കലാകാരൻമാരാണ് പുലികളിയിൽ പങ്കെടുക്കുന്നത്. വീറിനും വാശിക്കും തെല്ലും കുറവില്ലാതെ അവർ സ്വരാജ് റൗണ്ടിൽ ചുവട് വച്ചു മുന്നേറുന്ന കാഴ്ചയ്ക്കാണ് നഗരം സാക്ഷ്യം വഹിക്കുന്നത്. വിജയികളെ പുലികളി സമാപനത്തോടെ പ്രഖ്യാപിക്കുമെങ്കിലും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും പങ്കെടുക്കാൻ കഴിയാത്തതിനാൽ പതിവ് സമ്മാനച്ചടങ്ങ് ഉണ്ടാകില്ല. ആ ചടങ്ങ് മറ്റൊരു ദിവസം സംഘടിപ്പിക്കും.
****************
രണ്ടു വർഷം മുൻപ് കേന്ദ്ര സർക്കാർ റദ്ദാക്കിയ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാനാകില്ലെന്ന് കോൺഗ്രസിൽനിന്ന് രാജിവച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. 370-ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 370-ാം വകുപ്പിന്റെ പേരിൽ കശ്മീരിലെ ജനത്തെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആസാദ് നിലപാട് വ്യക്തമാക്കിയത്.
**********
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുള്ള വാർത്തകൾ ധനമന്ത്രി കെ.്എൻ.ബാലഗോപാൽ നിഷേധിച്ചു. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും താളം തെറ്റുന്ന രീതിയിലെ ബുദ്ധിമുട്ടുകൾ ഇല്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രം ഭീമമായ തോതിൽ പണം വെട്ടിക്കുറച്ചത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിൽ നിന്നും ജിഎസ്ടി കുടിശിക കിട്ടാനുണ്ടെന്നും ആശങ്കപ്പെടേണ്ട് സാഹചര്യമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഓണാഘോഷം തീർന്നതോടെ കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഒരു പ്രമുഖ ദിനപ്പത്രം ഇന്ന് വാർത്തനൽകിയിരുന്നത്.
********
കേരളത്തിലെ ബിജെപിയുടെ സ്ഥിതിയിൽ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ നടന്ന കോർ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചു. നേതൃതലത്തിൽ മാറ്റങ്ങളുണ്ടാകുന്നില്ല. പേപ്പറിലുളള കാര്യങ്ങൾ പ്രവൃത്തിയിലില്ലെന്നും മോദി പറഞ്ഞു. വിമർശനത്തിന് പിന്നാലെയാണ് പ്രകാശ് ജാവഡേക്കറിന് കേരളത്തിന്റെ ചുമതല നൽകിയത്.സെപ്റ്റംബർ 1ന് നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി അതൃപ്തിയും വിമർശനവും ഉന്നയിച്ചത്.
സംഘടനാപരമായി വിവിധ പരിപാടികൾ നടത്തുണ്ടെന്ന് റിപ്പോർട്ടുകൾ സമർപ്പിക്കുന്നുണ്ട്. പക്ഷേ, പേപ്പറിൽ കാണുന്ന ഗുണഫലമൊന്നും പ്രവൃത്തിയിൽ കാണാനില്ലല്ലോ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്.
********
ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഫൈനൽ മത്സരത്തിൽ, എ ബാച്ച് വള്ളങ്ങളുടെ ഫൈനലിൽ മല്ലപ്പുഴശേരി പള്ളിയോടം വിജയിച്ചു. ആവേശകരമായ മത്സരത്തിൽ കുറിയന്നൂരിനെ വള്ളപാടുകൾക്കു പിന്തള്ളിയാണു മല്ലപ്പുഴശേരി വിജയത്തീരം അണിഞ്ഞത്. ബി ബാച്ചിൽ ഇടപ്പാവൂർ ഒന്നാമത് എത്തി.
എ ബാച്ചിൽ മല്ലപ്പുഴശേറി, കുറിയന്നൂർ, ളാക-ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്. വന്മഴി, ഇടപ്പാവൂർ, പുല്ലുപ്രം എന്നീ പള്ളിയോടങ്ങളാണു ബി ബാച്ച് ഫൈനലിൽ ഏറ്റുമുട്ടിയത്.
*********
സംസ്ഥാന നിയമസഭയുടെ പുതിയ സ്പീക്കറെ നാളെ തിരഞ്ഞെടുക്കും. എംബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ച ഒഴിവിലാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. സിപിഎമ്മിലെ എഎൻ ഷംസീർ സ്പീക്കറാകുമെന്ന് ഉറപ്പാണ്. അൻവർ സാദത്താണ് പ്രതിപക്ഷനിരയിൽ നിന്ന് പത്രി സമർപ്പിച്ചിട്ടുള്ളത്. നാളെ രാവിലെ പത്തുമണിക്കാണ് സ്പീക്കർ തിരഞ്ഞെടുപ്പ്.
*********
സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണം പെരുകുന്നു. കോഴിക്കോട് നാദാപുരത്തിന് പുറമെ നഗരപ്രദേശമായ അരക്കിണറിലും തെരുവുനായുടെ ആക്രമണം. രണ്ടു കുട്ടികളടക്കം 3 പേർക്കാണ് കടിയേറ്റത്.
********
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 40 ലക്ഷം രൂപയുടെ സ്വർണം കടത്തിയ യാത്രക്കാരൻ പിടിയിലായി. കാസർകോട് സ്വദേശി മുഹമ്മദ് ഷബീറാണ് പിടിയിലായത്. ടൈഗർ ബാം , പെൻസിൽ ഷാർപ്‌നർ, ലേഡീസ് ബാഗ് എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
******
പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം സംബന്ധിച്ച പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. സാമ്പത്തിക, സാമൂഹിക, വികസന പദ്ധതികളിൽ ഏർപ്പെടാൻ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും പൊതു സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുന്ന പങ്കാളിത്തം വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഷെയ്ഖ് മുഹമ്മദ് യോഗത്തെ സംമ്പന്ധിച്ച് ട്വീറ്റ് ചെയ്തത്.
*********
മേഖലയിലെ ആദ്യത്തെ ഓൾ-ഇലക്ട്രിക് കാർഗോ വിമാനത്തിനുള്ള താൽക്കാലിക ലൈസൻസിന് യുഎഇ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പൂർണ്ണമായും ശുദ്ധമായ ഊർജ്ജത്തിൽ പ്രവർത്തിക്കുന്നതും, ഒട്ടും തന്നെ എമിഷൻ ഇല്ലാത്തതുമായിരിക്കും വിമാനം.
*********
ഇനി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട ഒരു രസകരമായ വാർത്തയാണ്.
തമിഴ്‌നാട്ടിൽ മൂന്ന് ദിവസത്തെ കാൽനടയാത്രയിൽ ജനങ്ങളെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളാണു ഭാരത് ജോഡോ യാത്രയിൽ ചർച്ചയായത്. അതിനിടെ രസകരമായ നിരവധി അനുഭവങ്ങളും രാഹുലിനും സംഘത്തിനുമുണ്ടായി.
അക്കൂട്ടത്തിലെ കൗതുകകരമായ ഒരു ചിത്രമാണു മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ജയ്‌റാം രമേശ് ട്വിറ്ററിൽ പങ്കുവച്ചത്. ഭാരത് ജോഡോ യാത്ര തമിഴ്‌നാട്ടിലൂടെ കടന്നുപോകുന്നതിനിടെ രാഹുലിന്റെ കൈ നോക്കുന്ന സ്ത്രീയുടെ ചിത്രമാണ് കോൺഗ്രസ് എംപി ജയ്‌റാം രമേശ് പുറത്തുവിട്ടത്.
രാഹുലിനു തമിഴ്‌നാടിനോടു പ്രത്യേക ഇഷ്ടമാണെന്ന് അറിയാമെന്നും ഒരു തമിഴ് പെൺകൊടിയെ കണ്ടെത്തി നൽകാമെന്നും കൂട്ടത്തിൽ ഒരു സ്ത്രീ പറഞ്ഞുവെന്ന് ജയ്‌റാം രമേശ് കുറിച്ചു. ചിരിയായിരുന്നു രാഹുലിന്റെ പ്രതികരണം. മാർത്താണ്ഡത്ത് യാത്ര എത്തിയപ്പോഴാണ് രസകരമായ ഈ സംഭവമുണ്ടായതെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേർത്തു.