രാത്രിയിൽ കാവലിനെത്തിയതാണോ?; വീട്ടുമുറ്റത്ത് കരിമ്പുലിയെ കണ്ട് ഞെട്ടിപ്പോയി
വീട്ടുമറ്റത്തു കരിമ്പുലി ചുറ്റിത്തിരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഞെട്ടലോടെയാണ് ആളുകൾ കണ്ടത്. ആപത്കരമായ സംഭവം എവിടെയാണുണ്ടായതെന്നു വീഡിയോ പങ്കവച്ചയാൾ വ്യക്തമാക്കിയിട്ടില്ല.
വീടിന്‍റെ മുറ്റത്ത് കരിമ്പുലി എന്തിനെയോ പരതുന്നതുപോലെയാണു തോന്നുക. മിനിറ്റുകളോളം പുലി വീടിന്‍റെ പരിസരത്ത് അലഞ്ഞുനടക്കുന്നു. രാത്രിയാണ് പുലി എത്തിയത്. മുറ്റത്തു ധാരാളം ചെടികളും അലങ്കാരവസ്തുക്കളും വച്ചിട്ടുണ്ട്. ഒരു മേശയും മുറ്റത്തു കിടക്കുന്നതു കാണാം.
എന്നാൽ, കരിമ്പുലി ശാന്തനായാണു മുറ്റത്തുകൂടി കടന്നുപോയത്. വീട്ടുകാർ ഉറക്കത്തിലായതിനാൽ പുലിയുടെ സാന്നിധ്യം അറിഞ്ഞില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ അവർ ഞെട്ടിത്തരിച്ചുപോയി. സംഭവത്തിൽ വനപാലകർ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കരിമ്പുലിയെ കണ്ടെത്തിയതായി റിപ്പോർട്ടില്ല.
കരിമ്പുലിയുടെ ആകർഷണം അതിന്‍റെ വന്യസൗന്ദര്യം മാത്രമല്ല, നിഗൂഢതകളും കൂടിയാണ്. കരിമ്പുലിയെ കാണുന്നത് അസാധാരണമായി തോന്നാമെങ്കിലും ഇവ ഒരു പ്രത്യേക ഇനമല്ല.
ഉയർന്ന മെലാനിൻ സാന്ദ്രതയുള്ള പുള്ളിപ്പുലിയുടെയോ ജാഗ്വാറിന്‍റെയോ വകഭേദമാണ് കരിമ്പുലി. മെലാനിന്‍റെ അതിപ്രസരമാണ് കറുത്തനിറം. എന്നാൽ ഈ പുലികളിലും പുള്ളികൾ ഉണ്ട്. ശ്രദ്ധിച്ചു നോക്കിയാൽ മാത്രമാണു പുള്ളികൾ കാണാൻ കഴിയുക. ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ മൗണ്ട് കെനിയയുടെ അടിക്കാടുകളിലും കരിമ്പുലികളെ കാണാറുണ്ട്. കേരളത്തിൽ സൈലന്‍റ് വാലിയിലും കരിമ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.