മോഷണപ്രിയരായ പോലീസുകാർ, മാങ്ങാ കള്ളൻ; അടിപൊളി ബൾബ് കള്ളൻ..!
വേലി തന്നെ വിളവുതിന്നുമ്പോൾ എന്നൊരു പ്രയോഗമുണ്ട്. പലപ്പോഴും ഈ ചൊല്ലിനെ അന്വർഥമാക്കുന്ന "പരിപാടി'കൾ പോലീസുകാർ ഒപ്പിക്കാറുമുണ്ട്. പോലീസുകാരിലെ ക്രിമിനലുകൾ എപ്പോഴും ചർച്ചയാകുന്ന വിഷയങ്ങളാണ്. കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷ്ടാവായ പോലീസുകാരനെക്കുറിച്ചുള്ള ലജ്ജിപ്പിക്കുന്ന വാർത്ത കേരളത്തിൽ വലിയ ചർച്ചയായ വിഷയമാണ്.
സംഭവം ഒതുക്കിത്തീർത്തെങ്കിലും പോലീസുകാരനെ സർവീസിൽനിന്നു പിരിച്ചുവിട്ടു. പീഡനക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പോലീസ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തിട്ട് ദിവസങ്ങൾ മാത്രം. പോലീസിനെ വിമർശിക്കാൻ ഇങ്ങനെ നൂറുകണക്കിന് സംഭവങ്ങളുണ്ട്.
ഇപ്പോൾ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ സിക്കന്ദർപുരിൽ നടന്ന സംഭവത്തിന്റെ വീഡിയോ പോലീസിനു വലിയ നാണക്കേടുണ്ടാക്കി. ഏപ്രിൽ 20നാണു സംഭവം നടന്നത്. രാത്രി ജോലിക്കിടെ ഒരു പോലീസുകാരൻ ബൾബ് മോഷ്ടിക്കുന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോലീസുകാരനെതിരേ നടപടി സ്വീകരിച്ചു.
ദൃശ്യങ്ങളുടെ തുടക്കത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചെത്തുന്ന പോലീസുകാരൻ പരിസരവും ഇലക്ട്രിക് പോസ്റ്റും നിരീക്ഷിക്കുന്നതു കാണാം. പോലീസുകാരൻ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതായാണ് ആദ്യം തോന്നുക. എന്നാൽ പ്രകാശിച്ചുനിൽക്കുന്ന ബൾബ് ഹോൾഡറിൽനിന്ന് ഊരിയെടുത്ത് പോക്കറ്റിലാക്കി പോലീസുകാരൻ സ്ഥലംവിടുന്നതാണു പിന്നീടു കാണുന്നത്.