"മരണത്തിന്റെ ഡോക്ടർ' കണ്ടുപിടിച്ച "ദയാവധപ്പെട്ടി'; ആദ്യ ഉപയോഗത്തിനു മുൻപ് നിരോധിച്ച് സ്വിറ്റ്സർലൻഡ്
ആദ്യ ഉപയോഗത്തിന് ആഴ്ചകൾക്കു മുന്പു ദയാവധ ഉപകരണം നിരോധിച്ച് സ്വിറ്റ്സർലൻഡ്. സാർക്കോ എന്നു വിളിക്കപ്പെടുന്ന "ദയാവധപ്പെട്ടി'ക്കാണു നിരോധനം. "ടെസ്ല ഓഫ് യൂത്തനേസിയ' എന്ന ഫ്യൂചറിസ്റ്റിക് പോഡിനു ദയാവധത്തിനു വിധേയനായ രോഗിയുടെ ജീവൻ ഒരു ബട്ടൺ അമർത്തി നിമിഷങ്ങൾക്കകം നഷ്ടപ്പെടുത്താൻ കഴിയും. ബട്ടൺ അമർത്തുന്പോൾ അറയിൽ നൈട്രജൻ നിറയുകയും ഓക്സിജൻ ലഭിക്കാതിരിക്കുകയും ചെയ്യും ഇങ്ങനെയാണു മരണം സംഭവിക്കുന്നത്.
സ്വിറ്റ്സർലൻഡിലെ ഷാഫ്ഹൗസെൻ കാന്റണിലെ പ്രോസിക്യൂട്ടർമാരാണ് പോഡിനെക്കുറിച്ച് നിയമപരവും ധാർമികവുമായ ആശങ്കകൾ ഉന്നയിച്ചത്. ഉപകരണം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളിലേക്കും അതിനുള്ളിൽ സംഭവിക്കുന്ന മരണത്തിന്റെ ആത്യന്തിക ഉത്തരവാദിത്തം ആർക്കാണെന്നുമുള്ള വെല്ലുവിളിയെക്കുറിച്ചും പ്രോസിക്യൂട്ടർമാർ ആശങ്കകൾ ഉന്നയിച്ചു. മാത്രമല്ല, മരണത്തിൽ സഹായിക്കാൻ പോഡ്സ് ഉപയോഗിക്കുന്ന ആർക്കും അഞ്ചു വർഷം വരെ തടവ് ലഭിക്കുമെന്നും പ്രോസിക്യൂട്ടർമാർ മുന്നറിയിപ്പു നൽകി.
2019 ലെ വെനീസ് ഡിസൈൻ ഫെസ്റ്റിവലിലാണ് പോഡ് അവതരിപ്പിച്ചത്. മരണവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് പോഡ് അവതരിപ്പിച്ചതെന്നു നിർമാതാവായ "മരണത്തിന്റെ ഡോക്ടർ' എന്നറിയപ്പെടുന്ന ഡോ. ഫിലിപ്പ് നിറ്റ്ഷ്കെ അവകാശപ്പെട്ടു. തന്റെ കണ്ടുപിടിത്തത്തിന് ഉപയോക്താക്കളെ വേഗത്തിലും വേദനയില്ലാതെയും മരിക്കാൻ പ്രാപ്തരാക്കാൻ കഴിയുമെന്നും നിറ്റ്ഷ്കെ പറഞ്ഞു.
സ്വാർഥ കാരണങ്ങളാൽ ആത്മഹത്യയെ സഹായിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും നിറ്റ്ഷ്കെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പബ്ലിക് പ്രോസിക്യൂട്ടറായ പീറ്റർ സ്റ്റിച്ചർ മുന്നറിയിപ്പ് നൽകി. ലോകമെമ്പാടുമുള്ള വിമർശകർ ഉപകരണം ദുരുപയോഗം ചെയ്യപ്പെടുകയോ അല്ലെങ്കിൽ തെറ്റായി പ്രവർത്തിക്കുകയോ ചെയ്യുമെന്ന ആശങ്കയും ഉന്നയിച്ചിട്ടുണ്ട്. ഇത് അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.
1942 മുതൽ, സ്വിറ്റ്സർലൻഡ് ദയാവധം അനുവദിച്ചിട്ടുണ്ട്. സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികൾ സുബോധമുള്ളവരായിരിക്കണമെന്നും അവരുടെ തീരുമാനം സ്വാർഥ കാരണങ്ങളാൽ പ്രേരിപ്പിക്കപ്പെടരുതെന്നും സ്വിസ് നിയമം അനുശാസിക്കുന്നു.