'ലോാാാംഗ് ദോശ'; മലേഷ്യയിലെ ഇന്ത്യൻ റസ്റ്ററൻറിലെ 'ഭീമൻദോശ', ആഗോള ഹിറ്റ്
ദോശ, മലയാളികളുടെ മാത്രമല്ല, ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമാണ്. വിവിധ തരത്തിലുള്ള ദോശ വീട്ടിൽ തയാറാക്കി കഴിക്കാറുണ്ട്. ദോശകൾക്കുമാത്രമായി റസ്റ്ററൻറുകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവിടെ പറയുന്ന കഥ ഒരു 'ഭീമൻദോശ'യുടേതാണ്.
ദോശ പിറവിയെടുത്ത ഇന്ത്യയിൽ, ഇതുപോലൊരു ദോശ ആരും കണ്ടിട്ടുമുണ്ടാകില്ല, കഴിച്ചിട്ടുമുണ്ടാകില്ല. 'ഫാമിലി റോസ്റ്റ്' എന്നൊരു ദോശ വൈററ്റി നമ്മുടെ നാട്ടിലെ റസ്റ്റോറൻറുകളിൽ ലഭ്യമാണ്. എന്നാൽ, മലേഷ്യയിലെ റസ്റ്റോറൻറിൽ വിളമ്പിയ ദോശ കണ്ട് എല്ലാവരും അമ്പരന്നു, 'ലോാാാംഗ്' ദോശ! കുഴൽ പോലെ ചുരുട്ടിയ, നീളമേറിയ ദോശ കഴിച്ചവർ പറഞ്ഞു, അടിപൊളി... കലക്കി.
മലേഷ്യയിലെ ക്വാലാലംപൂരിൽ പ്രവർത്തിക്കുന്ന ടിജിഎസ് നാസി കന്ദാർ എന്ന ഇന്ത്യൻ റെസ്റ്റോറൻറിലെ സ്‌പെഷൽ വിഭവങ്ങളിലൊന്നാണ് ഈ ഭീമൻദോശ. ഇൻസ്റ്റഗ്രാമിൽ മലേഷ്യൻ ഹോട്ടലിൻറെ വീഡിയോ ലഭ്യമാണ്. പതിനായിരക്കണക്കിനുപേരാണ് വീഡിയോ കണ്ടത്. റെസ്റ്ററോൻറിലെ ജീവനക്കാരൻ ദോശ ഉപഭോക്താക്കൾക്ക് കൊണ്ടുപോകുന്നതും ദോശ ഓർഡർ ചെയ്തവരുടെ മുഖത്തെ അമ്പരപ്പും ആഹ്ലാദവുമെല്ലാം വീഡിയോയിൽ കാണാം.
റസ്റ്റോറൻറിൽ ആദ്യമായി വന്നവർ ഭീമൻദോശയുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ദോശ ഇതാണോ എന്ന് ആശ്ചര്യത്തോടെ നെറ്റിസൺമാരോട് ചോദിക്കുകയും ചെയ്തു. ക്വാലാലംപുരിലെ റസ്റ്ററൻറിൽ കുറഞ്ഞവിലയ്ക്കു ലഭിക്കുന്ന വലിയ വിഭവം രുചികരമാണെന്നു മുമ്പു ദോശ കഴിച്ചവർ പറഞ്ഞു. ഇപ്പോൾ ലോകം മുഴുവൻ ഹിറ്റ് ആണ് ഈ 'ഭീമൻദോശ'.