ഐസ്ക്രീം കൊടുക്കാതെ സ്വിഗ്ഗി പറ്റിച്ചു; ഒടുവിൽ കോടതിയിൽനിന്നു കിട്ടി പണി
പണം വാങ്ങി പോക്കറ്റിലാക്കിയ ശേഷം ഐസ്ക്രീം കൊടുക്കാതെ ഉപഭോക്താവിനെ പറ്റിച്ച കേസിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിക്ക് പിഴ വിധിച്ച് കർണാടക കോടതി. 3,000 രൂപ ഉപഭോക്താവിനു പിഴയിനത്തിൽ നൽകാനാണ് ഉത്തരവ്. കൂടാതെ, ഐസ്ക്രീമിന് 187 രൂപയും വ്യവഹാരച്ചെലവായി 2,000 രൂപയും സ്വിഗ്ഗി നൽകേണ്ടിവരും.
ഇത്തരം സർവീസുകളിൽ ഓർഡർ ചെയ്തിട്ട് ഭക്ഷണം കിട്ടാതിരിക്കുകയും പണം പോകുകയും ചെയ്യുന്നതു നിത്യസംഭവമാണെന്ന് ഉപഭോക്താക്കളും വെളിപ്പെടുത്തുന്നു. ചെറിയ തുകയ്ക്കുള്ള ഓർഡറുകളിലാണു സാധാരണയായി ഇങ്ങനെ സംഭവിക്കാറുള്ളത്. ഓർഡർ ചെയ്ത സാധനം ഡെലിവറി ചെയ്യുന്നതിൽ പരാജയപ്പെട്ടിട്ടും ഉപഭോക്താവിന് പണം തിരികെ നൽകിയില്ല. ഉപഭോക്താവ് അയച്ച നിയമപരമായ നോട്ടീസിനോട് സ്വിഗ്ഗി പ്രതികരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ആപ്പിലെ വിവരങ്ങൾ പ്രകാരം ഉപഭോക്താവിന് ഐസ്ക്രീം ഡെലിവറി ചെയ്തതായി സ്വിഗ്ഗി ചൂണ്ടിക്കാട്ടി. എന്നാൽ ഐസ്ക്രീം ലഭിച്ചില്ലെന്നു ഉപഭോക്താവും പറഞ്ഞു. സ്വിഗ്ഗിയിൽനിന്നു പണം തിരികെ ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഉപഭോക്താവ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. അതേസമയം, വിഷയത്തിൽ പ്രതികരിച്ച സ്വിഗ്ഗി, ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഡെലിവറി ഗൈയുടെ തെറ്റിന് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെടാനോ കഴിയില്ലെന്ന് പറഞ്ഞു. സ്വിഗ്ഗിയുടെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു.