അറിയാമോ... വന്യമൃഗങ്ങളെ പിടികൂടാനും നാടുകടത്താനും കടമ്പകളേറെയുണ്ട്..!
വന്യമൃഗങ്ങളെ പിടികൂടാനും നാടുകടത്താനും എളുപ്പം സാധിക്കുന്നതല്ല. മനുഷ്യവാസമേഖലയിലേക്ക് എത്തുന്ന മൃഗങ്ങളെ കൂട്ടിലാക്കാനും തിരികെ കാട്ടിലെത്തിക്കാനും വനംവകുപ്പിനു നിരവധി കടമ്പകൾ കടക്കണം. മനുഷ്യനു ഭീഷണി ഉയർത്തുന്ന മൃഗത്തെ പിടികൂടാൻ കൂടു സ്ഥാപിക്കണമെങ്കിൽ സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതിവേണം.
കടുവയെയും പുലിയെയും കൺമുന്നിൽ കാണുകയോ ആക്രമിക്കാൻ വരികയോ ചെയ്തു എന്നു പരാതിപ്പെട്ടാലും ഉടനടി നടപടി ഉണ്ടാകില്ല. വന്യമൃഗത്തിൻറെ ആക്രമണത്തിൽ വനംവകുപ്പിന് സ്ഥിരീകരണമുണ്ടാകണം. കാൽപ്പാദവും വളർത്തുമൃഗങ്ങളെ കൊന്നതിൻറെ രീതിയോ നോക്കി ഏതിനം മൃഗമാണെന്നു തിരിച്ചറിയണം. പിന്നീടു സിസിടിവി കാമറ സ്ഥാപിച്ച് അതിൽ മൃഗത്തിൻറെ ചിത്രം പതിഞ്ഞു കാണണം. വിശദമായ റിപ്പോർട്ടും ഫോട്ടോകളും ജില്ലാ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ സാക്ഷ്യപ്പെടുത്തി ചീഫ് വൈൽഡ് ലൈഫ് വാൻഡനു സമർപ്പിക്കുകയും തൃപ്തികരമെന്നു തോന്നിയാൽ മാത്രം കൂടു സ്ഥാപിക്കാൻ അനുമതി നൽകുകയും ചെയ്യും.
സംസ്ഥാനത്ത് 12 ഫോറസ്റ്റ് ഓഫീസുകളിൽ മാത്രമേ മൃഗങ്ങളെ പിടികൂടാനുള്ള കൂടുള്ളു. മൃഗം കൂട്ടിൽ വീണാൽ അതിൻറെ പ്രായം, ആരോഗ്യം തുടങ്ങിയവ വെറ്ററനറി സർജർ പരിശോധിച്ച് റിപ്പോർട്ട് നൽകണം. പ്രായാധിക്യം വന്ന മൃഗമാണെങ്കിൽ കാഴ്ചബംഗ്ലാവിലോ കുഴപ്പമില്ലാത്തതെങ്കിൽ വിദൂര വനത്തിനുള്ളിലോ വിടണമെന്നാണു നിയമം. മൃഗങ്ങളെ കെണിയിൽ വീഴ്ത്താൻ നിയമം അനുവദിച്ചിട്ടില്ല. അതിനാൽ കെണി എന്ന വാക്കല്ല കൂട് എന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാൽ, കാട്ടാനകളെയും കാട്ടുപോത്തിനെയും പിടികൂടാൻ മാർഗവുമില്ല. ഇവയെ മയക്കുവെടിവയ്ക്കാനും വനംമേധാവിയുടെ അനുമതി വേണം.