കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി; നിക്ഷേപം 1200 കോടിയിലേക്ക്
പ്രവാസികളുടെ പ്രധാന സമ്പാദ്യ പദ്ധതിയായ പ്രവാസി ചിട്ടിയിലൂടെ കെ.എസ്.എഫ്.ഇ, കിഫ്ബി ബോണ്ടിൽ നിക്ഷേപിച്ച തുക 1,162 കോടി രൂപ കവിഞ്ഞു. പ്രവാസി ചിട്ടി ആരംഭിച്ച് കേവലം ആറാം വർഷത്തിലെത്തുമ്പോഴാണ് ഈ നേട്ടം സ്വന്തമായിരിക്കുന്നത്. ഇക്കാലത്തിനിടയിൽ പ്രവാസി ചിട്ടിയിലൂടെ 119 ലോകരാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുവാനും കെ.എസ്.എഫ്.ഇയ്ക്ക് കഴിഞ്ഞു.
2024 ഫെബ്രുവരി 29 വരെയുള്ള കണക്കുകൾ പ്രകാരം 119 രാജ്യങ്ങളിൽ നിന്നായി, 1,96,552 പ്രവാസികൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചതിൽനിന്നും 2,919 ചിട്ടികളിലായി 97,785 പേർ പ്രവാസി ചിട്ടിയിൽ ചേർന്നു കഴിഞ്ഞു. 2400 കോടിയോളം രൂപയുടെ ടേണോവർ ഉള്ള പ്രവാസി ചിട്ടി, ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ലാഭം 100 കോടിയിൽ അധികമാണ്. ഗൾഫിലെ പ്രവാസി സമൂഹമാണ് പ്രവാസി ചിട്ടിയുടെ പ്രധാന കരുത്ത് . ആകെ നിക്ഷേപകരുടെ 45.7% യു.എ.ഇയിൽ നിന്നാണ്. നിക്ഷേപകരുടെ പ്രാതിനിധ്യത്തിൽ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉണ്ട്.
പ്രവാസി ചിട്ടി ഇന്ന് ഒരു ആഗോള ബ്രാൻഡ് ആണ്. വെറും 2500 രൂപ മുതലുള്ള മാസത്തവണകളിൽ ലഭ്യമായ പ്രവാസി ചിട്ടി, പൂർണ്ണമായും ഓൺലൈൻ അധിഷ്ഠിതമാണ്. ലോകത്തിന്റെ ഏതു കോണിലിരുന്നും ഏതൊരു പ്രവാസിക്കും ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് പ്രവാസി ചിട്ടിയിൽ ചേരാം. പണം അടയ്ക്കുന്നതും ലേലത്തിൽ ചേരുന്നതും അടക്കം എല്ലാം ഓൺലൈനായി ചെയ്യാനും കഴിയും. ആകർഷമായ നിക്ഷേപത്തിനൊപ്പം പത്ത് ലക്ഷം രൂപവരെയുള്ള അത്യാഹിത പരിരക്ഷയും വാഗ്ദാനം ചെയ്യുന്ന പ്രവാസി ചിട്ടി, നാടിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തവും ഉറപ്പാക്കുന്നു.
pravasi.ksfe.com എന്ന വെബ്സൈറ്റിലൂടെയും KSFE Pravasi Chit App എന്ന മൊബൈൽ ആപ്പിലൂടെയും ഏതൊരും പ്രവാസി കേരളീയനും ഈ ചിട്ടിയിൽ ചേരാവുന്നതാണ്. എല്ലാ പ്രവാസികളും KSFE പ്രവാസി ചിട്ടിയുടെ നിക്ഷേപ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക. സാമ്പത്തിക ഭദ്രത ഉറപ്പാക്കുക.