അമ്പാടാ കൊച്ചുകള്ളാ: നഴ്സറിപ്പയ്യൻ തന്‍റെ കൂട്ടുകാരിക്കു കൊടുത്ത സമ്മാനത്തിന്‍റെ വില കേട്ടാൽ ഞെട്ടും
പരിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും പ്രതീകമാണ് കുട്ടികൾ! പെൻസിലുകൾ, ചോക്ലേറ്റുകൾ, മിഠായികൾ, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം കുട്ടികൾ പരസ്പരം കൈമാറാറുണ്ട്. രസകരമായ എന്നാൽ, ലക്ഷങ്ങൾ വിലയുള്ള ഒരു സമ്മാനക്കൈമാറ്റത്തിന്‍റെ കഥ ചൈനയുടെ വൻമതിലും കടന്നു വൈറലായിരിക്കുന്നു. പ്രണയത്തിനും ഇഷ്ടത്തിനും പ്രായമില്ല. ഏതു പ്രായക്കാരിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന മനോഹരമായ വികാരമാണു പ്രണയം എന്നതിൽ ആർക്കും തർക്കമില്ല.
ചൈനയിലെ നഴ്സറിക്കുട്ടി തന്‍റെ ക്ലാസിലെ പെൺകുട്ടിക്ക് സ്വർണക്കട്ടികൾ സമ്മാനിച്ചു. അവളോടുള്ള ഇഷ്ടംകൊണ്ടാണ് കുട്ടി സ്വർണം കൊടുത്തത്. കൊടുത്ത സമ്മാനത്തിന്‍റെ വിലയോ, 12 ലക്ഷം! സിചുവാൻ പ്രവിശ്യയിലെ ഗുവാങ്ആനിലാണ് സംഭവം. ഒരു ദിവസം വീട്ടിൽ തന്‍റെ കൂട്ടുകാരിയെ ഓർത്തിരിക്കുകയായിരുന്നു കൊച്ചു പയ്യൻ. അപ്പോൾ അവന്റെ വീട്ടുകാര് ഇങ്ങനെ പറഞ്ഞു- "വീട്ടിലുള്ള 100 ഗ്രാമിന്റെ രണ്ടു സ്വര്ണക്കട്ടി ഇവൻ വലിതാകുന്പോൾ കല്യാണം കഴിക്കുന്ന പെണ്ണിനു സമ്മാനമായി കൊടുക്കാനുള്ളതാണ്...'
പിറ്റേദിവസം നഴ്സറിപ്പയ്യൻ സ്വർണക്കട്ടി തന്‍റെ കൂട്ടുകാരിക്കു കൊടുത്തു. സമ്മാനം കൊടുക്കുക മാത്രമല്ല ചെയ്തത്, വിവാഹ അഭ്യർഥനയും നടത്തി കുസൃതിപ്പയ്യൻ. സ്വർണക്കട്ടിയുമായി വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോടു കാര്യങ്ങൾ പറഞ്ഞു. അങ്ങനെയാണു സംഭവത്തിനു പിന്നിലെ വിശദവിവരം വീട്ടുകാര് അറിയുന്നത്. ഉടൻ തന്നെ മകളുടെ കൂട്ടുകാരന്റെ വീട്ടിലേക്കു ഫോണിൽ വിളിച്ചു വിവരം ധരിപ്പിക്കുകയും ലക്ഷങ്ങളുടെ സ്വർണക്കട്ടി തിരികെ നൽകുകയും ചെയ്തു.
ഭാവിയിൽ ഇവർ പ്രണയിക്കുമോ, കല്യാണം കഴിക്കുമോ, അതെല്ലാം വിധിയുടെ കരങ്ങളിലാണ്. എന്നാലും കൊച്ചുമിടുക്കന്‍റെ സമ്മാനം കാമുകിയുടെ ചിലവിൽ തിന്നുജീവിക്കുന്ന കാമുകശിങ്കങ്ങൾക്കും നാണക്കേടായി.