Begin typing your search...
റഫയിൽ താൽക്കാലിക വെടിനിർത്തലുണ്ടാകുമെന്ന് ഇസ്രയേൽ സൈന്യം; ദിവസവും 12 മണിക്കൂർ യുദ്ധം മരവിപ്പിക്കും
തെക്കൻ ഗാസാ മുനമ്പിൽ ദിവസവും 12 മണിക്കൂർ താൽകാലിക വെടിനിർത്തലുണ്ടാകുമെന്ന് ഇസ്രയേൽ സൈന്യം. മേഖലയിലെ സാധാരണക്കാർക്കുള്ള സന്നദ്ധസംഘടനകളുടെ സഹായങ്ങൾ സുഗമമായി എത്തിക്കുന്നതിനു വേണ്ടിയാണിത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദിവസവും രാവിലെ 8 മണിമുതൽ വൈകിട്ട് 7 മണിവരെ റഫയിൽ യുദ്ധം മരവിപ്പിക്കുമെന്നും സൈന്യം പറഞ്ഞു.
മേഖലയിലേക്ക് സഹായവുമായെത്തുന്ന ട്രക്കുകൾക്ക് റഫയിലേക്കുള്ള പ്രധാന പ്രവേശനമാർഗമായ കരേം ഷാലോം കടക്കാനും സലാ അ ദിൻ ദേശീയപാതയിലൂടെ പോകാനും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വെടിനിർത്തൽ. മേയിൽ ഇസ്രയേൽ സൈന്യം റഫയിലേക്ക് കടന്നതുമുതൽ കരേം ഷാലോം വഴിയുള്ള സഹായനീക്കം പ്രതിസന്ധിയിലായിരുന്നു. ദിവസവും 500 ട്രക്ക് സഹായം വേണ്ടിടത്ത് മേയ് 6 മുതൽ ജൂൺ 6 വരെ 68 ട്രക്കുകൾ മാത്രമാണെത്തിയത്.
Next Story