Begin typing your search...

അറിയാമോ..? പാരീസ് ഒളിമ്പിക്‌സില്‍ നല്‍കുന്ന സ്വര്‍ണമെഡല്‍ പൂര്‍ണമായും സ്വര്‍ണമാണോ..? അതിന്റെ വില എത്രയാണ്..?

അറിയാമോ..? പാരീസ് ഒളിമ്പിക്‌സില്‍ നല്‍കുന്ന സ്വര്‍ണമെഡല്‍ പൂര്‍ണമായും സ്വര്‍ണമാണോ..? അതിന്റെ വില എത്രയാണ്..?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കായികലോകത്തിന്റെ ശ്രദ്ധ ഇപ്പോള്‍ പാരീസിലാണ്. അത്യന്തം വാശിയേറിയ മത്സരങ്ങള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ അവിടെ കാഴ്ചവയ്ക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ

കുടക്കീഴില്‍ 206 രാജ്യങ്ങളില്‍നിന്നുള്ള 10,714 അത്‌ലറ്റുകള്‍ ആണു പാരീസ് ഒളിമ്പിക്‌സില്‍ എത്തിയിരിക്കുന്നത്. ഒന്നും രണ്ടും മൂന്നും ജേതാക്കള്‍ക്ക് യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ സമ്മാനമായി ലഭിക്കുന്നു.

പലര്‍ക്കും സംശയം ഉണ്ടാകാം. ഒളിമ്പിക്‌സില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു കൊടുക്കുന്നത് യഥാര്‍ഥ സ്വര്‍ണമെഡല്‍ തന്നെയാണോ..? എങ്കില്‍ എത്ര തൂക്കമുണ്ട്, എത്ര രൂപയാണ് അതിന്റെ വില എന്നൊക്ക ആലോചിക്കാത്തവര്‍ അപൂര്‍വം. ഒളിമ്പിക്‌സ് മെഡലുകളെക്കുറിച്ചുള്ള ചില വസ്തുതകള്‍ ഇവിടെ പരാമര്‍ശിക്കുകയാണ്.

1. സ്വര്‍ണമെഡല്‍ യഥാര്‍ഥത്തില്‍ സ്വര്‍ണം കൊണ്ടാണോ നിര്‍മിച്ചിരിക്കുന്നത്?

യഥാര്‍ഥത്തില്‍, ഒളിമ്പിക് ചാമ്പ്യന്‍മാര്‍ക്കു ലഭിക്കുന്ന അഭിമാനകരമായ സ്വര്‍ണമെഡല്‍ പൂര്‍ണമായും സ്വര്‍ണത്തില്‍ നിര്‍മിച്ചതല്ല. മെഡലിന്റെ ഭൂരിഭാഗവും വെള്ളി കൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, സ്വര്‍ണത്തിന്റെ നേര്‍ത്തപാളി മെഡിലിനെ പൊതിഞ്ഞിരിക്കുന്നു.

2. സ്വര്‍ണമെഡലുകളുടെ രൂപകല്‍പ്പന

ഒളിമ്പിക്‌സ് മെഡലുകള്‍ നിര്‍മിക്കുന്നതിനും രൂപകല്‍പ്പന ചെയ്യുന്നതിനുമുള്ള നിയമങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) നിശ്ചയിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അനുസരിച്ച്, 92.5% ശുദ്ധിയുള്ള വെള്ളിയിലാണ് മെഡല്‍ നിര്‍മാണം. മാത്രമല്ല, കുറഞ്ഞത് ആറു ഗ്രാം ശുദ്ധമായ സ്വര്‍ണം പൂശിയതാകണം മെഡല്‍.

3. വെള്ളി/വെങ്കല മെഡല്‍

ഒളിമ്പിക്‌സില്‍ നല്‍കുന്ന വെള്ളിമെഡല്‍ വെള്ളി കൊണ്ടുതന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, വെങ്കല മെഡല്‍ ചെമ്പും ഇരുമ്പും സിങ്കും ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

4. ഒരു സ്വര്‍ണ മെഡലിന്റെ വില എത്രയാണ്?

ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2024ലെ പാരീസ് ഒളിമ്പിക്‌സില്‍ കളിക്കാര്‍ക്ക് നല്‍കുന്ന സ്വര്‍ണമെഡലിന് ഏകദേശം 950 യുഎസ് ഡോളറാണ് വില. അതായത് ഏകദേശം 80,000 രൂപ.

5. സ്വര്‍ണമെഡലിന്റെ തൂക്കം

ഒരു ഒളിമ്പിക് സ്വര്‍ണമെഡലിന് ഏകദേശം 529 ഗ്രാം ഭാരമുണ്ട്. മെഡലിന്റെ 95.4 ശതമാനത്തിലധികം യഥാര്‍ഥത്തില്‍ വെള്ളി കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത് (505 ഗ്രാം). അതില്‍ വെറും ആറ് ഗ്രാം മാത്രമാണ് ശുദ്ധമായ സ്വര്‍ണം, അത് മെഡല്‍ പ്ലേറ്റ് ചെയ്യാനായി ഉപയോഗിക്കുന്നതാണ്. 18 ഗ്രാം ഇരുമ്പും ഇതിലടങ്ങിയിരിക്കുന്നു.

6. ശുദ്ധമായ സ്വര്‍ണമെഡല്‍ നല്‍കിയിട്ടുണ്ടോ?

1912ല്‍ സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ നടന്ന ഒളിമ്പിക്‌സിലാണ് പൂര്‍ണമായും സ്വര്‍ണംകൊണ്ടു നിര്‍മിച്ച ഒളിമ്പിക് മെഡലുകള്‍ അവസാനമായി സമ്മാനിച്ചത്.

WEB DESK
Next Story
Share it