റഷ്യയ്ക്കു പോകാൻ ഇനി വിസ വേണ്ട
റഷ്യയോട് മലയാളികൾക്ക് എന്നും താത്പര്യമുണ്ട്. ഒരു കാലത്ത് സോവിയറ്റ് ലാൻഡ് എന്ന മാസികയ്ക്കു വ്യാപക പ്രാചരമുണ്ടായിരുന്നു. റഷ്യൻ സാഹിത്യകൃതികളും ധാരാളമായി വിവർത്തനം ചെയ്ത് എത്തിയിരുന്നു. ടോൾസ്റ്റോയിയുടെയും ഗോർക്കിയുടെയും ഡോസറ്റോയ് വ്‌സ്‌കിയുടെയും ചെക്കോവിൻറെയുമെല്ലാം കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. അങ്ങനെ പലകാരണങ്ങൾകൊണ്ട് റഷ്യ മലയാളികൾക്കു പ്രിയപ്പെട്ടതാണ്.
ഇപ്പോൾ ഇന്ത്യക്കാർക്ക് റഷ്യയിലേക്കു പോകാൻ വിസ ഒഴിവാക്കുന്നു. വിസ രഹിത ടൂറിസ്റ്റ് എക്‌സ്‌ചേഞ്ചിലേക്ക് നയിച്ചേക്കാവുന്ന സുപ്രധാന ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. ആദ്യ റൗണ്ട് ചർച്ചകൾ ജൂണിൽ നടക്കും. ഈ കാലയളവിൽ രാജ്യങ്ങൾ ഉഭയകക്ഷി കരാറിൻറെ സാധ്യതകൾ പരിശോധിച്ച് വർഷാവസാനത്തോടെ അന്തിമമാക്കുമെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര ടൂറിസവും സാംസ്‌കാരിക വിനിമയവും മെച്ചപ്പെടുത്തുന്നതിനുള്ള റഷ്യയുടെ വിശാലമായ തന്ത്രത്തിൻറെ ഭാഗമാണ് പുതിയ സംരംഭം. 2023 ഓഗസ്റ്റ് ഒന്നു മുതൽ ചൈനയുമായും ഇറാനുമായും സമാനമായ സംരംഭങ്ങൾ റഷ്യ ആരംഭിച്ചിരുന്നു.