കേരളം മടുത്തു ആശാനേ..; അൻറാർട്ടിക്കയിൽ പോകാം പെൻഗ്വിൻറെ എണ്ണമെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കാം
അപൂർവമായ തൊഴിൽ അവസരം, നിങ്ങൾ സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ മാത്രം അപേക്ഷിച്ചാൽ മതി. യുകെ അൻറാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് (UKAHT) ആണു നിയമിക്കുന്നത്. നിമയനം എവിടെയാണെന്നോ, ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള തപാൽ ഓഫീസിൽ! കത്തിടപാടുകളുടെ ജോലി മാത്രം ചെയ്താൽ പോരാ അവിടെ! മറ്റൊരു ജോലി നിങ്ങളെ കാത്തിരിക്കുന്നു; എന്താണെന്നല്ലേ, പെൻഗ്വിനുകളുടെ എണ്ണം എടുക്കുക..!
അൻറാർട്ടിക്കയിലെ ഗൗഡിയർ ദ്വീപിലെ പോർട്ട് ലോക്ക്‌റോയിലാണു തപാൽ ഓഫീസ് സ്ഥിതിചെയ്യുന്നത്. അൻറാറാർട്ടിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പോർട്ട് ലോക്ക്‌റോയ്. വർഷത്തിൽ 18,000 ക്രൂയിസ് കപ്പൽ സന്ദർശകർവരെ ഇവിടെയെത്താറുള്ളതായി ട്രസ്റ്റിൻറെ വെബ്‌സൈറ്റിൽ പറയുന്നു. അതുമാത്രമല്ല, ബേസ് ലീഡർ, ഷോപ്പ് മാനേജർ, ജനറൽ അസിസ്റ്റൻറ് തുടങ്ങിയ തസ്തികകളിലേക്കും നിയമനമുണ്ട്.
ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ തിമിഗംലങ്ങളെ വേട്ടയാടിയിരുന്ന കപ്പലുകളുടെ സുരക്ഷിത താവളമായിരുന്നു പോർട്ട് ലോക്ക്‌റോയ്. ഇക്കാരണത്താൽ അൻറാർട്ടിക്കയിൽ സ്ഥിരം സാന്നിധ്യം ഉറപ്പിക്കാനായി ബ്രിട്ടീഷുകാർ ഇവിടെയൊരു താവളം നിർമിക്കുകയായിരുന്നു. 1944 ഫെബ്രുവരി 11ന് ബേസ് സ്ഥാപിക്കുകയും പിന്നീട് 1962ൽ അടച്ചുപൂട്ടുകയും ചെയ്തു. എന്നാലും, ബേസിൻറെ ചരിത്രപരമായ പ്രാധാന്യവും ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ സംഭാവനയും പരിഗണിച്ച് അതു പൊളിച്ചുമാറ്റിയില്ല. 1996ൽ പോർട്ട് ലോക്ക്‌റോയ് മ്യൂസിയമാക്കി മാറ്റി. 2006ൽ പോർട്ട് ലോക്ക്‌റോയിലെ പ്രവർത്തനങ്ങളുടെ നിയന്ത്രണം യുകെ അൻറാർട്ടിക് ഹെറിറ്റേജ് ട്രസ്റ്റ് ഏറ്റെടുത്തു.